
ശിവഗിരി: ശങ്കരാചാര്യർ മുന്നോട്ടുവച്ച അദ്വൈതദർശനത്തെ കാലത്തിനും ദേശത്തിനും അനുഗുണമയി മനുഷ്യനിഷ്ഠ ദർശനമാക്കി ഗുരുദേവൻ പ്രായോഗികവത്കരിച്ചുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തീർത്ഥാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി മഠത്തോട് അനുഭാവപൂർണമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഗുരുഭക്തരുടെ ചിരകാല സ്വപ്നങ്ങളിലൊന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും സ്വാമി പറഞ്ഞു.
സ്വാമി ശുഭാംഗാനന്ദ
വലിയൊരു വിഭാഗം അദ്ധ്യാത്മിക ആചാര്യന്മാർ ധ്യാനത്തിന്റെയും മൗനത്തിന്റെയും പാത അവലംബിച്ചപ്പോൾ ഗുരുദേവൻ കാലത്തിനൊപ്പവും ലോകത്തിനൊപ്പവും ജീവിച്ച് മഹത്തായ മാനവികദർശനം ജനങ്ങൾക്ക് പകർന്നുനൽകിയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശിവഗിരി തീർത്ഥാടനം ഒന്നാകലിന്റെയും നന്നാകലിന്റെയും പാത വെട്ടിത്തുറക്കുകയാണ്. നന്നാകണമെങ്കിൽ മാനസികമായും ധൈഷണികമായും വളരണമെന്നും സ്വാമി പറഞ്ഞു.
കെ.സി. വേണുഗോപാൽ
ഇന്നത്തെ ലോകം നേരിടുന്ന അസമാധാനത്തിനും അശാന്തിക്കുമുള്ള മരുന്നാണ് ഗുരുദേവദർശനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ആർ.ശങ്കർ മുഖമന്ത്രി ആയിരുന്നപ്പോൾ ഗുരുദേവദർശനം ഉൾക്കൊണ്ട് 29 കോളേജുകൾ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. ഇന്നത്തെ യുവതലമുറ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്നും കെ.സി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |