
ശിവഗിരി : ഒരു നൂറ്റാണ്ടുമുമ്പ് ശ്രീനാരായണഗുരു നയിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും ഇനിയും തുടരേണ്ടതുണ്ടെന്നും സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കൃഷി, കച്ചവടം, കൈത്തൊഴിൽ വിഷയമാക്കി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അവർ.
സ്വന്തമായി ഇടമില്ലാത്തവന് തന്റേടം ഉണ്ടാക്കിക്കൊടുത്ത യുഗപുരുഷനാണ് ശ്രീനാരായഗുരു. കേരളത്തിൽ ആദ്യമായി കാർഷിക, വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചതും ആദ്യ വനിതാ സമ്മേളനം നടത്തിയതും ഗുരുദേവനായിരുന്നു.
ഗുരു കല്പിച്ചത് അറിവിന്റെ തീർത്ഥാടനമാണെന്നും ഗുരുദേവൻ അവതാര പുരുഷനാണെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഗുരുദേവന്റെ മഹിമയെ എതിർത്തവർ ഇന്ന് വാനോളം പുകഴ്‌ത്തുകയാണ്. കേരള മോഡൽ ഗുരുദേവൻ സൃഷ്ടിച്ചതാണ്. അത് മനുഷ്യരെ ഒന്നായി കാണുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ്.
ഗുരുദേവ ദർശനത്തിൽ ഊന്നിയാണ് രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെന്ന് കേരള യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി റിട്ട. പ്രിൻസിപ്പൽ ഡോ. പി. പത്മകുമാർ പറഞ്ഞു.
കൃഷിയെ രക്ഷിക്കാനുള്ള ജനാധിപത്യമാണ് വേണ്ടതെന്നും കൃഷിഭൂമിയെ വ്യാവസായിക ഭൂമിയാക്കി പരിവർത്തനപ്പെടുത്തുന്നത് ദോഷം ചെയ്യുമെന്നും മാംഗ്ലൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. പി.എൽ. ധർമ്മ പറഞ്ഞു. കാർഷിക മേഖലയിൽ ഗുരുദേവൻ മുന്നോട്ടുവച്ച ആശയങ്ങൾ പ്രവൃത്തിയിലേക്ക് മാറ്റണമെന്ന് ആറളം ഫാമിലെ അഡ്മിനിസ്ട്രേറ്റവ് ഓഫീസർ കെ.പി. നിതീഷ്‌കുമാർ പറഞ്ഞു.
കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സർക്കാർ തുക വകമാറ്റണമെന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് സൊസൈറ്റികൾ രൂപീകരിക്കണമെന്നും കേരളകോൺഗ്രസ് കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |