
പെരുന്ന: ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ല വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും രാഷ്ട്രീയക്കാർക്ക് ഈ ബോധം ഉണ്ടാവണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയതുകൊണ്ടാണ് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും സംഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്നത് സ്വന്തം സമുദായത്തിൽ തന്നെയുള്ള ചില ക്ഷുദ്രജീവികളാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
'ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എൻഎസ്എസിന്റെ നിലപാട്. നാനാജാതി മതസ്ഥർക്കും യഥേഷ്ടം ദർശനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ മുമ്പെന്നപോലെ തുടരണം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആചാരങ്ങൾ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ എൻഎസ്എസിന് അതിനെ എതിർക്കേണ്ടിവന്നു. വിശ്വാസികളുടെ വികാരം മനസിലാക്കി സർക്കാർ ശബരിമല വിഷയത്തിൽ സ്വയം നിലപാട് മാറ്റി. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഭക്തർക്ക് ദർശനം നടത്താൻ സാഹചര്യം ഒരുക്കി. ഈ നിലപാടുമാറ്റത്തിൽ വിശ്വാസികൾ സന്തോഷിച്ചു.
സർക്കാർ മുൻകൈയെടുത്ത് പമ്പയിൽ ആഗോളതലത്തിലെ അയ്യപ്പവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം വിളിച്ചുകൂട്ടി. എൻഎസ്എസിനും അതിൽ പങ്കെടുക്കേണ്ട ധാർമിക ഉത്തരവാദിത്വം ഉണ്ടായി. അപ്പോഴാണ് പ്രക്ഷോഭത്തിൽനിന്ന് വിട്ടുനിന്ന പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തെത്തിയത്. എൻഎസ്എസിന് രാഷ്ട്രീയമില്ല. അതിലെ അംഗങ്ങൾക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാം. സംഘടനയ്ക്ക് സമദൂരമാണുളളത്.- സുകുമാരൻ നായർ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കവർച്ചയിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ വച്ചുകൊണ്ട് നടത്തുന്ന ദുഷ്‌പ്രചാരണങ്ങൾ തെറ്റാണ്. കുറ്റവാളികൾ ആരുതന്നെയായാലും അവരെ കണ്ടുപിടിക്കാൻ സർക്കാർ സംവിധാനങ്ങളും കോടതിയുമുണ്ട്. അവർ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. അതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ മാത്രം മറ്റുള്ളവർ ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |