
സോഫിയ: അമേരിക്കയിൽ സെപ്തംബർ 11ന് നടന്ന ഭീകരാക്രമണം, കോവിഡ് മഹാമാരി, ഐസിസിന്റെ ഉദയം തുടങ്ങി ലോകത്തെ നടുക്കിയ പല സംഭവങ്ങളും ബാബ വംഗ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്. 'ബാൽക്കണിലെ നോസ്ട്രഡാമസ്' എന്നാണ് ബാബ വംഗ അറിയപ്പെടുന്നത്. ഇപ്പോഴിതാ വംഗയുടെ മറ്റ് ചില പ്രവചനങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. മുപ്പത് വർഷങ്ങൾക്കു മുമ്പ് അന്തരിച്ച അന്ധയായ ജ്യോതിഷി, പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് കൃത്യമായ ഒരു വർഷം പ്രവചിച്ചിട്ടുണ്ടെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്.
എഡി 5079ൽ മനുഷ്യരാശിയും പ്രപഞ്ചവും പൂർണമായും നശിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം. മനുഷ്യർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രപഞ്ച പ്രതിഭാസമായിരിക്കും ആ മഹാദുരന്തത്തിന് കാരണമാവുകയെന്ന് പറയപ്പെടുന്നു. എന്നാൽ അന്ത്യത്തിലേക്ക് അടുക്കുന്നതിന് മുമ്പ് മനുഷ്യർ താണ്ടേണ്ട അവിശ്വസനീയ ഘട്ടങ്ങളെക്കുറിച്ചും പ്രവചനത്തിൽ പറയുന്നുണ്ട്.
മനുഷ്യർ സൗരയൂഥം കീഴടക്കുമെന്നും 3005ൽ ചൊവ്വാ ഗ്രഹത്തിൽ വലിയൊരു യുദ്ധം നടക്കുമെന്നും ഇതിലൂടെ ഗ്രഹങ്ങളുടെ സഞ്ചാരപഥം അപകടത്തിലാകുമെന്നും വംഗ പ്രവചിക്കുന്നു. 3010ൽ ഒരു ഭീമൻ ഉൽക്ക ചന്ദ്രനിൽ വന്നിടിച്ച് ഭൂമിക്ക് ചുറ്റും ശനിയുടെ വലയത്തിന് സമാനമായ അവശിഷ്ടങ്ങൾ രൂപപ്പെടുകയും ചെയ്യും.
3797ൽ ഭൂമിയിലെ ജീവൻ പൂർണമായും നിലയ്ക്കും. എന്നാൽ അതിനോടകം മനുഷ്യർ മറ്റൊരു ഗ്രഹത്തിൽ ആവാസവ്യവസ്ഥ ഉറപ്പിച്ചിട്ടുണ്ടാകും. 4300ൽ സാങ്കേതികമായി മനുഷ്യർക്ക് ഉയർച്ചയുണ്ടാകും. എല്ലാ രോഗങ്ങളും ഭേദമാക്കപ്പെടും. മനുഷ്യരുടെ തലച്ചോറിലെ ശേഷി വർദ്ധിക്കുകയും വെറുപ്പും തിന്മയും ഇല്ലാത്ത ലോകം പിറക്കുകയും ചെയ്യും. 4459ൽ മനുഷ്യൻ മരണത്തെ കീഴടക്കി അമരത്വം നേടുമെന്നാണ് മറ്റൊരു വിചിത്രമായ പ്രവചനം.
4674 ആകുമ്പോൾ അന്യഗ്രഹ ജീവികളുമായി മനുഷ്യൻ ഇടപഴകുകയും വിവിധ ഗ്രഹങ്ങളിലായി ഏകദേശം 340 ബില്യൺ ജനസംഖ്യ വളരുകയും ചെയ്യും. 5076നും 5078നും ഇടയിൽ മനുഷ്യർ പ്രപഞ്ചത്തിന്റെ അതിർത്തി കണ്ടെത്തുമെന്നും അതിന് അപ്പുറത്തേക്ക് കടക്കാനുള്ള ശ്രമം വലിയ തർക്കങ്ങൾക്ക് വഴിവയ്ക്കുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് 5079ൽ സമ്പൂർണ്ണ ലോകാവസാനത്തിന് കാരണമാവുകയെന്ന് പ്രവചനത്തിലൂടെ ബാബ വംഗ ചൂണ്ടികാണിക്കുന്നു.
1911ൽ ബൾഗേറിയയിൽ ജനിച്ച വംഗേലിയ പാണ്ഡേവ ദിമിത്രോവ എന്ന ബാബ വംഗയ്ക്ക് പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ പെട്ടാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. അതിനുശേഷമാണ് തനിക്ക് ഭാവി കാണാനുള്ള കഴിവുണ്ടെന്ന് അവർ തന്നെ അവകാശപ്പെട്ടത്. 1996ൽ വിടവാങ്ങിയെങ്കിലും അവർ നൽകിയ പ്രവചനങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ആളുകളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |