
ന്യൂഡൽഹി: ഓൺലൈൻ ടാക്സി സേവനങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ വിശ്വാസ്യത പുലർത്തുന്ന ഒന്നാണ് യൂബർ. ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവിൽ പണം നൽകി യാത്ര ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ സർവീസ്. നഗരങ്ങളിൽ താമസിക്കുന്നവർക്കടക്കം ഏത് പാതിരാത്രിയിലും സേവനം ലഭ്യമാണ്.
എന്നാൽ യൂബറിന്റെ വിശ്വാസ്യതയെ തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂബറിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറിൽ നിന്നും നേരിടേണ്ടി വന്ന അതിക്രമവും അശ്രദ്ധമായ ഡ്രൈവിംഗും കാരണം തന്റെ ജീവൻ പോലും അപകടത്തിലായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള യുവാവ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിലൂടെയാണ് യുവാവ് തന്റെ ദുരനുഭവം പങ്കുവച്ചത്.
ഏകദേശം 70 കി.മീ വേഗത്തിൽ വാഹനങ്ങൾ പായുന്ന ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രൈവറുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം അപകടകരമായ പെരുമാറ്റം ഉണ്ടായത്. പെട്ടെന്ന് സിഎൻജി നിറയ്ക്കണമെന്ന തോന്നലിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വലതുവശത്തെ ട്രാക്കിൽ നിന്നും ഇടതുവശത്തേക്ക് വണ്ടി വെട്ടിച്ചു കയറ്റുകയായിരുന്നു. മറ്റു വാഹനങ്ങൾക്കിടയിലൂടെയുള്ള സാഹസികത നിറഞ്ഞ യാത്ര തന്നെ മരണത്തിന്റെ വക്കിലെത്തിച്ചുവെന്നും യുവാവ് പറയുന്നു.
യാത്രയുടെ തുടക്കം മുതൽ തന്നെ ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു. പാതിവഴി എത്തിയപ്പോൾ ഡ്രൈവറുടെ ഫോൺ ഓഫായി. തുടർന്ന് തന്റെ ഫോണിൽ ഗൂഗിൾ മാപ്പ് ഇട്ടു നൽകാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ഇതോടെ യൂബർ ആപ്പിന്റെ സുരക്ഷാ ട്രാക്കിംഗ് നഷ്ടമായി. നിശ്ചയിച്ച റൂട്ടിൽ നിന്നും മാറി ഡ്രൈവർ സഞ്ചരിക്കാൻ തുടങ്ങി. കൂടുതൽ സമയമെടുക്കുന്ന റൂട്ടിലൂടെ പോകുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്തപ്പോൾ 'ആപ്പിൽ ഇങ്ങനെയാണ് കാണിച്ചിരുന്നതെന്ന് അയാൾ കള്ളം പറയുകയായിരുന്നു. ഭയന്നുപോയ യുവാവ് ഉടൻ തന്നെ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും പാതിവഴിയിൽ ഇറങ്ങുകയുമായിരുന്നു.
സുരക്ഷിതമായ യാത്രയ്ക്ക് ആളുകൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന യൂബറിൽ നിന്ന് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായതിൽ യുവാവ് രോഷം പ്രകടിപ്പിച്ചു. 'ഇങ്ങനെയുള്ള ഡ്രൈവർമാർക്ക് യൂബർ, എങ്ങനെയാണ് ടോപ്പ് റേറ്റ് പദവി നൽകുന്നതെന്ന് യുവാവ് ചോദിച്ചു. വാർത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളുമായി രംഗത്തെത്തിയത്.
റേറ്റിംഗിലൊന്നും ഒരു കാര്യവുമില്ല. പ്രീമിയം കാറുകളെന്ന് ആപ്പിൽ കാണിക്കുന്നതൊക്കെ പലപ്പോഴും തകരാറിലായവയാണ്. പരാതി നൽകിയാൽ റോബോട്ടിക്കായ മറുപടികളാണ് ലഭിക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. നേരത്തെ നോയിഡയിൽ ഡ്രൈവർ പൈപ്പുകൊണ്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവവും റെഡിറ്റ് ഉപയോക്താക്കൾ ഇതിനോടൊപ്പം ചർച്ചയാക്കി. ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ മോശം പെരുമാറ്റം യാത്രക്കാരുടെ സുരക്ഷയെ ആശങ്കയിലാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |