
ഓഹരി, സ്വർണ. നാണയ വിപണികളിൽ സമ്മർദ്ദം
കൊച്ചി: രാജ്യത്തെ ഓഹരി, നാണയ, സ്വർണ വിപണികളിലെ നിക്ഷേപകരെ പുതുവർഷത്തിലെ ആദ്യ ദിനം നിരാശരാക്കി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റമാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്. ഇതോടെ സെൻസെക്‌സ് 54 പോയിന്റ് നഷ്‌ടത്തോടെ 85,275ൽ അവസാനിച്ചു. നിഫ്‌റ്റി നേരിയ നേട്ടമുണ്ടാക്കി, സ്‌റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച തീരുമാനം മെറ്റൽ ഓഹരികൾക്ക് നേട്ടമായപ്പോൾ പുകയില ഉത്പന്നങ്ങളുടെ വില വർദ്ധന ഐ.ടി.സി ഉൾപ്പെടെയുള്ള കമ്പനികൾക്ക് തിരിച്ചടിയായി. ഐ.ടി.സിയുടെ ഓഹരി വില ഇന്നലെ 9.5 ശതമാനം ഇടിഞ്ഞു. ആഗോള മേഖലയിലെ പ്രതികൂല വാർത്തകളും വിപണിക്ക് തിരിച്ചടിയായി. ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ഭാരത് ഇലക്ട്രോണിക്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രധാന കമ്പനികൾ.
രൂപയുടെ മൂല്യത്തിൽ ഇടിവ്
വിദേശ ഫണ്ടുകൾ പണം പുറത്തേക്ക് ഒഴുക്കിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ കുറഞ്ഞ് 89.98ൽ അവസാനിച്ചു. ഓഹരി വിപണിയിലെ പ്രതികൂല ചലനങ്ങളും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഡോളർ ആവശ്യം ഉയർന്നിട്ടും റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വിട്ടുനിന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
സ്വർണ വിലയിൽ ചാഞ്ചാട്ടം
പുതുവർഷത്തിലും സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തമാണ്. രാജ്യാന്തര വിപണിയിൽ വില കുത്തനെ ഇടിഞ്ഞുവെങ്കിലും കേരളത്തിൽ നേരിയ വർദ്ധനയുണ്ടായി. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 30 ഡോളർ ഇടിഞ്ഞ് 4,317 ഡോളറിലാണ്. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതും നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതുമാണ് വില കുറയാൻ കാരണം. കേരളത്തിൽ സ്വർണ വില പവന് 120 രൂപ ഉയർന്ന് 99,040 രൂപയിലെത്തി.
ജി.എസ്.ടി വരുമാനം ഉയർന്നു
ഡിസംബറിൽ രാജ്യത്തെ ജി.എസ്.ടി വരുമാനം 6.1 ശതമാനം ഉയർന്ന് 1.74 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര വിപണിയിലെ ഇടപാടുകളിലെ വരുമാനം 1.2 ശതമാനം വർദ്ധിച്ച് 1.22 ലക്ഷം കോടി രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |