
ധാക്ക: ബംഗ്ലാദേശിലെ ഷരിയത്പ്പൂരിൽ അക്രമികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഖോകോൻ ദാസ് എന്ന അമ്പതുകാരൻ ഇരയായത് അതിക്രൂര ആക്രമണത്തിനെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. തങ്ങൾക്ക് ശത്രുക്കൾ ആരും ഇല്ലെന്നും ഒരു പ്രകോപനവുമില്ലാതെയെത്തിയ അക്രമികൾ ഖോകോൻ ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ഭാര്യ സീമ ദാസ് പറയുന്നത്. ഭർത്താവ് അക്രമികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അത് പുറത്തുപറയാതിരിക്കാനാണ് തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നും അവർ ആരോപിച്ചു.
'ഒരു വിഷയത്തിലും ഞങ്ങൾക്ക് ആരുമായും തർക്കമില്ല, എന്തുകൊണ്ടാണ് എന്റെ ഭർത്താവിനെ പെട്ടെന്ന് ടാർഗെറ്റുചെയ്തതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. ഞങ്ങൾ ഹിന്ദുക്കളാണ്, ഞങ്ങൾക്ക് സമാധാനമായി ജീവിക്കണം. അക്രമികൾ മുസ്ലീങ്ങളായിരുന്നു.ഞാൻ സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുന്നു'- സീമ ആവശ്യപ്പെടുന്നു.
ബുധനാഴ്ച രാത്രി മെഡിക്കൽ ഷോപ്പ് ഉടമയായ ഖോകോൻ ദാസ് കട അടച്ച് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുംവഴി ഒരു സംഘം ആളുകൾ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.വയറ്റിൽ കത്തിക്കൊണ്ട് കുത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മരണവെപ്രാളത്തിൽ മുന്നിലേക്ക് ഓടിയ ദാസ് ഒരു കുളത്തിലേക്ക് ചാടുകയായിരുന്നു. ദാസിന്റെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ധാക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ദാസിന്റെ നില ഗുരുതരമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഹിന്ദു വിഭാഗക്കാരനെതിരെ രാജ്യത്ത് ആൾക്കൂട്ട ആക്രമണമുണ്ടാകുന്നത്.
മതനിന്ദ ആരോപിച്ച് ദീപു ചന്ദ്റദാസ്,ക്രിമിനൽ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാൽ എന്നീ യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം വർദ്ധിച്ചിട്ടും ഇടക്കാലസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |