
ബീജിംഗ്: നിലവിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. 2023ൽ ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ ചൈനയും അമേരിക്കയുമാണ്. ഇന്ത്യയിൽ യുവാക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ചൈനയിൽ ജോലി ചെയ്യാൻ പ്രാപ്തിയുള്ളവർ കുറയുന്നതും ജനനനിരക്ക് താഴുന്നതും ചൈനയ്ക്ക് ഒട്ടേറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നാണ ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനായി ജനനിരക്ക് കൂട്ടാനുള്ള നീക്കത്തിലാണ് ചൈന.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ചൈനയിൽ നിലനിന്നിരുന്ന പ്രത്യേക ഇളവാണ് ഈ പുതുവർഷത്തിൽ നീക്കം ചെയ്തത്. കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഐയുഡി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇനിതൊട്ട് 13ശതമാനം നികുതി നൽകണം. ജനസംഖ്യ കുത്തനെ കുറയുന്ന പശ്ചാത്തലത്തിൽ, ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള ചൈനീസ് സർക്കാരിന്റെ പരോക്ഷ സമ്മർദ്ദമായാണ് പുതിയ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.
പരിഷ്‌കരിച്ച നിയമപ്രകാരം, ഇന്ന് മുതൽ ചൈനയിലെ എല്ലാ ഗർഭനിരോധന ഉൽപ്പന്നങ്ങളും 13 ശതമാനം നികുതി ഏർപ്പെടുത്തും. 1993ൽ ചൈന ദമ്പതിമാർക്ക് ഒരു കുട്ടിയെന്ന കർശനമായ നിയമം നടപ്പിലാക്കിയിരുന്ന കാലത്താണ് ഇത്തരം ഉൽപ്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. അന്ന് ജനനനിരക്ക് വർദ്ധിക്കുന്നത് തടയാനാണ് സർക്കാരിന്റെ മുൻഗണനയായിതെങ്കിൽ, ഇന്നത്തെ തികച്ചും വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്.
ഇപ്പോൾ ചൈന നേരിടുന്ന കടുത്ത ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിനു കാരണം. 95.4 ലക്ഷം കുട്ടികളാണ് 2024ൽ ചൈനയിൽ ജനിച്ചത്. ഈ കണക്ക് പത്ത് വർഷം മുൻപുള്ളതിന്റെ പകുതി മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ജനനനിരക്കിനെക്കാൾ കൂടുതൽ മരണസംഖ്യയാണ് ചൈനയിൽ വർദ്ധിച്ചത്. കുട്ടികളെ വളർത്താനും പ്രായമായവരെ പരിചരിക്കാനുള്ള സേവനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും, ഗർഭനിരോധനത്തിനുള്ള മാർഗങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
എന്നാൽ സോഷ്യൽ മീഡിയയിൽ ചൈനീസ് സർക്കാരിന്റെ ഈ നീക്കം പരിഹാസത്തിന് കാരണമായിട്ടുണ്ട്. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവ് പേടിച്ചാണ് ആരും പ്രസവിക്കാത്തത്. അല്ലാതെ കോണ്ടത്തിന്റെ വില പേടിച്ചിട്ടല്ലെന്നാണ് പല യുവജനങ്ങളുടെയും പ്രതികരണം. വില കൂടുന്നതിന് മുൻപ് ആജീവനാന്തം ഉപയോഗിക്കാനുള്ള കോണ്ടം വാങ്ങി വയ്ക്കുമെന്ന് ചിലർ തമാശരൂപേണ കുറിച്ചു.
ഒരു കുട്ടിക്ക് ജന്മം നൽകി വളർത്താൻ ലോകത്ത് ഏറ്റവും കൂടുതൽ ചെലവേറിയ രാജ്യങ്ങളിലൊന്നാണ് ചൈന. വിദ്യാഭ്യാസവും ചെലവും തൊഴിൽ സമ്മർദ്ദവുമാണ് തങ്ങളെ പിന്നോട്ട് വലിക്കുന്നതെന്ന് യുവതലമുറ പറയുന്നു. നികുതി ഏർപ്പെടുത്തുന്നത് ജനനനിരക്ക് കൂട്ടുമോ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് സംശയമുണ്ട്. എന്നാൽ ഇതിൽ മറ്റ് ചില അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. നികുതി കൂടുന്നതോടെ ചെറിയ വരുമാനമുള്ളവരും വിദ്യാർത്ഥികളും ഗർഭനിരോധനത്തിനുള്ള മാർഗങ്ങൾ ഒഴിവാക്കാൻ സാദ്ധ്യതയുണ്ട്. ഇതിലൂടെ എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങൾ പടരാൻ കാരണമായേക്കാം. മാത്രമല്ല ഗർഭച്ഛിദ്രം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാനും ഇടയാകും.
പുതിയ നികുതിയിലൂടെ വർഷം തോറും ഏകദേശം 500 കോടി യുവാൻ വരുമാനം ലഭിക്കുമെന്നാണ് ചൈനീസ് സർക്കാർ കണക്കാക്കുന്നത്. നികുതിയിലൂടെ രാജ്യത്തിന് ലഭിക്കുന്ന ആകെ വരുമാനമായ 22 ലക്ഷം കോടി യുവാനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. അതിനാൽ, ഇത് വരുമാനമുണ്ടാക്കാനല്ല, മറിച്ച് സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള നടപടിയായിട്ടാണ് കാണുന്നത്.
അതേസമയം ജനനസംഖ്യ കൂട്ടാൻ മറ്റ് പല പദ്ധതികളും ചൈന ആവിഷ്ക്കരിക്കുന്നുണ്ട്. ഐവിഎഫ് ചികിത്സയ്ക്ക് സബ്സിഡി, മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമം, വിവാഹം കഴിക്കുന്നവർക്കും കുട്ടികളുള്ളവർക്കും നികുതി ഇളവുകളും അവധിയും, ശിശുപരിചരണത്തിനായി 9,000 കോടി യുവാൻ എന്നിവയാണ് വകയിരുത്തിയിരിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ നികുതി വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം ചൈനയിലെ യുവാക്കൾ കുട്ടികളെ വേണമെന്ന് തീരുമാനിക്കാൻ സാദ്ധ്യതയില്ല. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, ഉയർന്ന ജീവിതച്ചെലവ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ജനസംഖ്യാ പ്രതിസന്ധി മറികടക്കുക ചൈനയ്ക്ക് വലിയ വെല്ലുവിളിയായി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |