
കൊച്ചി: തടവു പുള്ളിയുടെ സഹോദരിയുടെ മക്കൾ മാത്രമല്ല സഹോദരന്റെ മകനും അടുത്ത ബന്ധുവാണെന്നും ഇവരുടെ വിവാഹത്തിനടക്കം അടിയന്തര പരോൾ നിഷേധിക്കരുതെന്നും ഹൈക്കോടതി. ജയിൽ നിയമത്തിൽ നേർ അനന്തിരവൻ/നേർ അനന്തിരവൾ എന്ന് പറയുന്നതിനെ സഹോദരിയുടെ മക്കൾ മാത്രമായി ജയിൽ അധികൃതർ കണക്കിലെടുക്കുന്നതിലാണ് കോടതിയുടെ തിരുത്തൽ.
സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജി അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്റെ സഹോദരന്റെ മകനാണ് പിതൃസഹോദരന് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. എന്നാൽ സഹോദരന്റെ മകനാണ് എന്നതിന്റെ പേരിൽ അപേക്ഷ നിഷേധിച്ചിരുന്നു.
തടവുകാരന് ഒരാഴ്ചത്തെ പരോൾ അനുവദിച്ച് ഉത്തരവായി. നിയമം തെറ്റായി വ്യാഖ്യാനിച്ച് ഇത്തരത്തിൽ ഒട്ടേറെ അപേക്ഷകൾ നിരസിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.
ഉത്തരവ് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |