SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.22 PM IST

പറന്നുയർന്ന് ​ഓഹരികൾ

Increase Font Size Decrease Font Size Print Page
nifty-one

കമ്പനികളുടെ പ്രവർത്തന ലാഭം ഉയരുമെന്ന് പ്രതീക്ഷ

കൊച്ചി: നടപ്പു സാമ്പത്തിക വർഷം മൂന്നാം ത്രൈമാസത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന ലാഭം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി കുതിച്ചുയർന്നു. പ്രധാന സൂചികയായ നിഫ്‌റ്റി 50 ഇന്നലെ 182 പോയിന്റ് നേട്ടവുമായി 26,328.55ൽ എത്തി റെക്കാഡിട്ടു. സെൻസെക്‌സ് 573.41 പോയിന്റ് ഉയർന്ന് 85,762.01ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മുന്നേറ്റമുണ്ടായി. കോൾ ഇന്ത്യ, എൻ.ടി.പി.സി, ഹിണ്ടാൽകോ, ട്രെന്റ്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്ക് നിഫ്റ്റിയും റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി.

വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറുകയാണെങ്കിലും ആഭ്യന്തര നിക്ഷേപകരുടെ കരുത്താണ് പിന്തുണയായത്. ബാങ്ക് ഓഹരികളിൽ യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.

സാമ്പത്തിക മുന്നേറ്റം തുടരുന്നു

ആഗോള വിപണിയിലെ അനുകൂല വാർത്തകളും നിക്ഷേപകർക്ക് ആവേശമായി. ദക്ഷിണ കൊറിയയിലെ കോസ്‌പി, ഷെങ്ങ്ഹായി കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ്‌സെംഗ്, യു.എസ് അവധി സൂചിക എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്.

ഡിസംബറിൽ രാജ്യത്തെ കാർ വിപണിയിൽ ദൃശ്യമായ മികച്ച വിൽപ്പന സാമ്പത്തിക രംഗത്തെ ഉണർവിന്റെ സൂചനയാണെന്ന് ജിയോജിത് ഇൻവെസ്‌റ്റ്‌മെന്റ്‌സിന്റെ ചീഫ് നിക്ഷേപ സ്ട്രാറ്റജിസ്‌റ്റ് ഡോ. വികെ വിജയകുമാർ പറയുന്നു.

വാഹന വിപണിയിൽ ആവേശം

കഴിഞ്ഞ മാസം കാർ വിൽപ്പനയിൽ 25.8 ശതമാനം വർദ്ധനയുണ്ടായി. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ മികച്ച പ്രകടനം കാഴ്ചവച്ചു.
കഴിഞ്ഞ വർഷം രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 22.55 ലക്ഷം കാറുകളുടെ ഉത്പാദനവുമായി റെക്കാഡിട്ടു. മുൻവർഷത്തേക്കാൾ ഉത്പാദനത്തിൽ 9.3 ശതമാനം വർദ്ധനയുണ്ട്. തുടർച്ചയായ രണ്ടാം വർഷമാണ് ഉത്പാദനം ഇരുപത് ലക്ഷം യൂണിറ്റുകൾ കവിയുന്നത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY