
ആലപ്പുഴ : പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്നാലെ, കള്ളിംഗിന് വിധേയമാക്കിയ പക്ഷികളുടെ നഷ്ടപരിഹാരം സംബന്ധിച്ച
റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പ് സർക്കാരിന് കൈമാറി. രോഗബാധിത മേഖലകളിൽ നിന്ന് പിടികൂടി കൊന്നൊടുക്കിയ 28,000ത്തോളം വളർത്തുപക്ഷികൾക്കുള്ള നഷ്ടപരിഹാരം ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. നഷ്ടപരിഹാരത്തുക സംബന്ധിച്ച് സർക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്.
ക്രിസ്മസ് - ന്യൂ ഇയർ വിപണിക്കാലത്തെ രോഗബാധ കർഷകർക്ക് വൻ നഷ്ടത്തിനാണ് വഴിവച്ചത്. താറാവ് ഒന്നിന് 200 രൂപയാണ് മുൻകാലങ്ങളിൽ സർക്കാർ നഷ്ടപരിഹാരം നൽകിട്ടുള്ളത്. രണ്ട് കിലോഗ്രാം തൂക്കം വരുന്ന താറാവിന് ക്രിസ്മസ് കാലത്ത് കർഷകന് 750 രൂപ ഇറച്ചിവിലയായി ലഭിക്കുമെന്നിരിക്കെയാണ് നഷ്ടപരിഹാരം തുച്ഛമായ തുകയിലൊതുങ്ങിയത്. 30 ദിവസം താഴെ പ്രായമുള്ള താറാവ് ഒന്നിന് 100 രൂപയാണ് നിലവിലെ നഷ്ടപരിഹാരം. ഈ പണം മാസങ്ങൾക്ക് ശേഷമാകും കൈയിൽ കിട്ടുക.
ഫലത്തിനായി കാത്തിരിപ്പ്
പക്ഷിപ്പനിക്ക് പിന്നാലെ കഴിഞ്ഞദിവസം അമ്പലപ്പുഴയിലും പള്ളിപ്പാട്ടും സംശയകരമായ സാഹചര്യത്തിൽ ചത്ത പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പാണ് പക്ഷികളെ ചത്തനിലയിൽ കണ്ടത്. സംശയകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവിടെയും നിയന്ത്രണങ്ങൾ തുടർന്നു വരികയാണ്.
കൊന്നൊടുക്കിയ
പക്ഷികൾ: 28000
ക്രിസ്മസ് - ന്യൂ ഇയർ കാലത്തുണ്ടായ കള്ളിംഗും പക്ഷികളുടെ സംരക്ഷണത്തിനും തീറ്റയ്ക്കുമുള്ള ചെലവുകളും പരിഗണിച്ച് നഷ്ടപരിഹാരം വർദ്ധിപ്പിക്കാനും കാലതാമസം കൂടാതെ പണം ലഭ്യമാക്കാനും സർക്കാർ തയ്യാറാകണം
- അഡ്വ.ബി.രാജശേഖരൻ, ഐക്യ താറാവ് കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |