
തിരുവനന്തപുരം: അരനൂറ്റാണ്ടായി ബിജെപിയും ആര്‍എസ്എസും ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി പരിശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയ വിഭജനം കൊണ്ട് മാത്രമേ 2026ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണയില്‍ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
'ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും തരംപോലെ പ്രോത്സാഹിപ്പിച്ച് തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സംസാരിച്ചത് സിഎഎയെ പറ്റിയായിരുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടിയായിരുന്നു അത് ചെയ്തത്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടുകൂടി ലൈന്‍ മാറ്റിപ്പിടിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ വേണ്ടിയിട്ടുള്ള നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് ആഗോള അയ്യപ്പ സംഗമം ഉള്ള കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തത്. അങ്ങനെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ലോര്‍ഡ് മിന്റോ ആണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസി ആദ്യമായി ഇന്ത്യയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ആ പോളിസിയാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി നടപ്പാക്കികൊണ്ടിരിക്കുന്നത്.മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമത്തിന് ഒപ്പം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുകയാണ്. ആരാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത് എന്ന് മാത്രം നമ്മള്‍ നോക്കിയാല്‍ മതി.
താന്‍ തന്നെ ഒന്നാം സ്ഥാനത്ത് എത്തണം എന്നുള്ള വാശിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉള്ളത്.ബിജെപിയെയും സിപിഎമ്മിനെയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് എന്നാണ് ഞാന്‍ പണ്ട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ആ വിശേഷണം ഞാന്‍ ഒന്ന് മാറ്റുകയാണ്. പരസ്പരം പരിപോഷിപ്പിക്കുന്ന ഒക്കച്ചങ്ങാതിമാരായിട്ടാണ് നമുക്ക് അവരെ കാണാന്‍ കഴിയുന്നത്. ബിജെപിക്ക് പറയാന്‍ കഴിയാത്തത് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് ബിജെപി പറയുന്നു. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ ധ്രുവീകരണം എന്നുള്ളത് ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ഇടതുപക്ഷ മുന്നണിയുടെ ഘടകകക്ഷികള്‍ക്ക് പോലും ആര്‍എസ്എസ് ഭരണത്തില്‍ പിടിമുറുക്കുന്നുവെന്ന് അഭിപ്രായമുണ്ട്. സിപിഐ അഖിലേന്ത്യാ നേതാവ് ആനിരാജയും, ഇടതുമുന്നണിയുടെ എംഎല്‍എ ആയിരുന്ന പിവി അന്‍വറും ഇത് പലതവണ പറഞ്ഞിട്ടുണ്ട്്. എല്ലാ ക്രമസമാധാന പ്രശ്‌നങ്ങളിലും ആര്‍എസ്എസ് പ്രതികളായിട്ടുള്ള കേസുകളിലും അവരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന പോലീസും പോലീസിന്റെ ഭരണാധികാരികളും സ്വീകരിച്ചിട്ടുള്ളത്.
ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയില്‍ കയറി നിന്ന് മൈക്ക് ഉപയോഗിച്ചത് നമ്മള്‍ ആരും മറന്നിട്ടില്ല. പോലീസ് വത്സന്‍ തില്ലങ്കേരിയുടെ നിയന്ത്രണത്തിലാണ് എന്നുള്ളതിന് ഏറ്റവും വലിയ തെളിവല്ലേ അത്. ഇന്ന് ആര്‍എസ്എസിന്റെ അദ്ധ്യക്ഷന് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദം കൊടുത്തത് പിണറായി വിജയന്റെ ഈ ഗവണ്‍മെന്റ് കാലത്താണ്.
മതേതര കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം എ കെ ബാലന്‍ അദ്ദേഹത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നത് ഒരിക്കലും മതേതര വിശ്വാസികളായ ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കില്ല. എ കെ ബാലന്റെ പ്രസ്താവനയോട് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വിയോജിപ്പാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് യോജിപ്പാണ്. ആര് പറയുന്നതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്?
ജോസ് കെ മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചുയുണ്ടായിട്ടില്ല. അവര്‍ ഇപ്പോള്‍ ഇടതമുന്നണിയുടെ ഘടകക്ഷിയാണ്.സിറോ മലബാര്‍ സഭാ അസ്ഥാനത്ത് പ്രതിപക്ഷ നേതാവ് പോയതും സംസാരിച്ചതും താന്‍ അടക്കമുള്ള നേതാക്കളുടെ അറിവോട് കൂടിയാണ്.കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാക്കാലത്തും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കുമെല്ലാം സീറ്റുകൊടുത്തിട്ടുണ്ട്.
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ തനിക്ക് അറിയാവുന്നത് താന്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇനിയുള്ളതെന്തെന്ന് അവരാണ് നോക്കേണ്ടത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്തരമൊരു വിവരം കിട്ടിയപ്പോള്‍ എസ്‌ഐടിയെ അറിയിച്ചു എന്നുള്ളതാണ് എന്റെ ജോലി. അതില്‍ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ പരിശോധിക്കുന്നത് അന്വേഷണസംഘമാണ്.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |