
ആലപ്പുഴ: സംസ്ഥാന പൊലീസിന് വാഹനം വാങ്ങാൻ 13.96 കോടി രൂപയുടെ പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെ അനുമതി. 2025-26 സാമ്പത്തിക വർഷത്തെ സ്‌കീം ഫോർ മൊബിലിറ്റി പദ്ധതിയിലാണ് ഫണ്ടനുവദിച്ചത്.
കൺട്രോൾ റൂമുകളിലേക്ക് 10 ലക്ഷം രൂപ വിലയുള്ള 30 വാഹനങ്ങളും മലയോര സ്റ്റേഷനുകളിൽ 13 ലക്ഷത്തിൽ താഴെ വിലയുള്ള 124 വാഹനങ്ങളുമാണ് വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം ഫോർവീൽ ഡ്രൈവുമുള്ളവയാണ്. പൊലീസിന് 55 വാഹനങ്ങൾ വാങ്ങുന്നതിന് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സഹായ പദ്ധതിയിൽ നിന്ന് 9.60 കോടി രൂപ അനുവദിച്ചിരുന്നു.
ഇന്റലിജൻസിന് ഒരുഡസൻ വാഹനം
ജി.എസ്.ടി ഇളവിലൂടെ വാഹന വില കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര സഹായ പദ്ധതിയിൽ മിച്ചമുള്ള 1.25 കോടിക്ക് ഇന്റലിജൻസ് വിഭാഗത്തിനും ഒരു ഡസൻ പുതിയ വാഹനങ്ങൾ വാങ്ങും. നക്സൽ ബാധിതമേഖലകളിലെ വിവരശേഖരണത്തിനും നടപടികൾക്കുമായാണിത്. നക്സൽ ബാധിത ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക യൂണിറ്റുകൾക്കും ബറ്റാലിയനുകൾക്കും 12 പുതിയ വാഹനങ്ങൾ ലഭ്യമാക്കും.
ഭരണാനുമതി ലഭിച്ചതോടെ വാഹനങ്ങൾ വാങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്
- എം.ടി വിഭാഗം, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |