
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സിന്റെ വസതിക്ക് നേരെ അജ്ഞാത ആക്രമണം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഹായോയിലുള്ള വസതിക്ക് നേരെയാണ് ആക്രമണം. ഈ സമയത്ത് വാന്‍സും കുടുംബവും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ വീടിന്റെ ജനല്‍പ്പാളികള്‍ തകര്‍ന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി വാന്‍സിന്റെ വസതിക്ക് ചുറ്റുമുള്ള റോഡുകള്‍ ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. രാത്രിയിലാണ് വീട്ടില്‍ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെടിയൊച്ച കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ജെ.ഡി. വാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കസ്റ്റഡിയിലെടുത്തയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമി വീടിനുള്ളിലോ കോമ്പൗണ്ടിലോ പ്രവേശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിയ നിലയിലെ ചിത്രങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സിന്‍സിനാറ്റി പൊലീസും, രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സംഭവത്തിനു പിന്നാലെ പൊലീസും ഉന്നത സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയാണ് ഒരാളെ അറസ്റ്റ് ചെയ്തത്. പ്രതിയെക്കുറിച്ചോ ആക്രമണത്തേക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |