
കൊച്ചി: പ്ലാസ്റ്റിക് പുനരുപയോഗത്തിനായി കൊച്ചിയിൽ പ്രത്യേക വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പെട്രോകെമിക്കൽ അനുബന്ധ വ്യവസായ ഉച്ചകോടി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സാന്നിദ്ധ്യമുള്ളതിനാൽ പെട്രോകെമിക്കൽ രംഗത്ത് കേരളത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. കൊച്ചി ബ്രഹ്മപുരത്ത് വ്യവസായ പാർക്കിനായുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. പത്ത് വർഷത്തിനിടെ 25,000 കോടി രൂപയാണ് ബി.പി.സി.എൽ കേരളത്തിൽ നിക്ഷേപിച്ചതെന്ന് ബി.പി.സി.എൽ ബി.പി.ആർ.ഇ.പി ഹെഡ് എ.എൻ. ശ്രീറാം പറഞ്ഞു. പെർഫോർമൻസ് പോളിമർ ഉത്പാദിപ്പിക്കുന്ന പോളി പ്രൊപ്പലീൻ പ്ലാന്റ് 2027ൽ കമ്മീഷൻ ചെയ്യും. 5000 കോടി രൂപയാണ് നിക്ഷേപം.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് 'സംസ്ഥാനത്തെ പെട്രോകെമിക്കൽ പരിസ്ഥിതിയും മുന്നോട്ടുള്ള വഴിയും' എന്ന വിഷയം അവതരിപ്പിച്ചു. ബി.പി.സി.എൽ പെറ്റ്‌കെം ടാസ്‌ക്‌ഫോഴ്‌സ് മേധാവി അതുൽ ഖാൻവൽക്കർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവർ സംസാരിച്ചു. ബി.പി.സി.എൽ ബി.പി.ആർ.ഇ.പി മേധാവി എ.എൻ. ശ്രീറാം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് ടെക്‌നോളജി ഡയറക്ടർ ഡോ. കെ.എ. രാജേഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ പി. വിഷ്ണുരാജ്, ബി.പി.സി.എൽ സി.ജി.എം ജയ് കിഷൻ സി. നാഥ്, കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.എ. ഷാഹുൽ ഹമീദ് എന്നിവരും പങ്കെടുത്തു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.ഐ.ഡി.സി, കിൻഫ്ര, ഭാരത് പെട്രോളിയം എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |