SignIn
Kerala Kaumudi Online
Wednesday, 07 January 2026 5.07 PM IST

വായ്പാ തിരിച്ചടവിൽ അച്ചടക്കം പാലിച്ച് ഉപഭോക്താക്കൾ

Increase Font Size Decrease Font Size Print Page
banking-transaction

ബാങ്കുകളുടെ കിട്ടാക്കടം കുത്തനെ കുറയുന്നു

കൊച്ചി: ബാങ്ക് വായ്പകൾ തിരിച്ചടക്കുന്നതിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അച്ചടക്കമേറുന്നു. രണ്ട് പതിറ്റാണ്ടിനിടെയിലെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി(എൻ.പി.എ) താഴ്‌ന്നുവെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.31 ശതമാനത്തിലേക്കാണ് താഴ്ന്നത്. 2018ൽ കിട്ടാക്കടം 11.46 ശതമാനമായിരുന്നു. ബാങ്കുകളുടെ അറ്റ എൻ.പി.എ 0.52 ശതമാനമായിരുന്നു. വായ്പ തിരിച്ചുപിടിക്കുന്നതിൽ ബാങ്കുകൾ ചിട്ടയാർന്ന നടപടിക്രമങ്ങൾ പാലിച്ചതും പ്രൊവിഷനിംഗ് പാലിച്ചതുമാണ് കിട്ടാക്കടം കുറയ്ക്കാൻ സഹായിച്ചത്.

കിട്ടാക്കടം കുറയ്ക്കുന്നതിൽ പൊതുമേഖല ബാങ്കുകളും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം എൻ.പി.എ 2021ലെ 9.11 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 2.58 ശതമാനമായി താഴ്ന്നു. വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും അഞ്ച് വർഷത്തിനിടെ ബാങ്കുകൾ വൻ മുന്നേറ്റമാണ് നടത്തിയത്. ഇതോടൊപ്പം ലാഭക്ഷമത മെച്ചപ്പെടുത്താനും ഓഹരി ഉടമകൾക്ക് ഉയർന്ന ലാഭ വിഹിതം നൽകാനും ബാങ്കുകൾക്ക് കഴിഞ്ഞു.

നിക്ഷേപങ്ങൾ മൂന്നിരട്ടിയായി

പത്ത് വർഷത്തിനിടെ ബാങ്കുകളുടെ ആഭ്യന്തര നിക്ഷേപം മൂന്നിരട്ടിയായി ഉയർന്നു. 2015ൽ ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപം 88.35 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ബാങ്ക് നിക്ഷേപം 231.90 ലക്ഷം കോടി രൂപയായി ഉയർന്നു. കൊവിഡ് കാലത്തിന് ശേഷം റിസർവ് ബാങ്ക് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ ഉയർത്തിയതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് ആകർഷകത്വമേറി.

വായ്പാ വിതരണത്തിലും തിളക്കം

വായ്പാ വിതരണത്തിലും ബാങ്കുകൾക്ക് മികച്ച മുന്നേറ്റമുണ്ടായി. മൊത്തം വായ്പകൾ പത്ത് വർഷത്തിനിടെ 66.91 ലക്ഷം കോടി രൂപയിൽ നിന്ന് 181.34 ലക്ഷം കോടി രൂപയായി. രാജ്യത്തെ സേവന, വ്യവസായ മേഖലകളിലെ ഉണർവിന്റെ പിൻബലത്തിൽ വായ്പാ ആവശ്യങ്ങൾ ഗണ്യമായി ഉയർന്നതാണ് ഗുണമായത്.

പൊതുമേഖല ബാങ്കുകളുടെ ലാഭം

2022-23 : 1.05 ലക്ഷം കോടി രൂപ

2024-25 : 1.78 ലക്ഷം കോടി രൂപ

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ലാഭം

2024-25 : 4.01 ലക്ഷം കോടി രൂപ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY