ആലപ്പുഴ : സിനിമ-നാടക നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൺസ്- 78) അന്തരിച്ചു. മണ്ണഞ്ചേരി തമ്പകച്ചുവട് അരശർക്കടവ്
വീട്ടിലായിരുന്നു താമസം. വീട്ടിലെ ബാത്ത് റൂമിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 58വർഷം സിനിമാരംഗത്ത് സജീവമായിരുന്നു.
1500ഓളം ചിത്രങ്ങളിൽ വേഷമിട്ട അപ്പച്ചൻ ഉപജീവനത്തിനായി എൽ.ഐ.സി ഏജന്റായും ജോലി ചെയ്തിരുന്നു. 1968ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വില്ലൻ,കാരക്ടർ വേഷങ്ങളിലാണ് തിളങ്ങിയത്. അനന്തരം താര, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പഞ്ചവൻകാട്, അനുഭവങ്ങൾ പാളിച്ചകൾ, കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളേ കാവൽ, അങ്കക്കുറി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഇവർ, ശക്തി, വിഷം, ഓപ്പോൾ, കോളിളക്കം, ഇത്തിരിനേരം ഒത്തിരി കാര്യം, കക്ക, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ, വിയറ്റ്നാം കോളനി, പിൻഗാമി തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങൾ.
പുന്നപ്ര കപ്പക്കടയിലെ റേഷൻ കടക്കാരനായിരുന്ന ജെറോം -മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആന്റണി ജെറോം, ആലീസ് അൽഫോൺസ്. മരുമക്കൾ: ദീപ ആനന്ദ്, സുഹൈൽ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മമ്മൂട്ടിയെ അസൂയപ്പെടുത്തിയ അപ്പച്ചൻ
അമ്പലപ്പുഴ: നടൻമമ്മൂട്ടിയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ എന്ന പുസ്‌തകത്തിൽ പുന്നപ്ര അപ്പച്ചനെക്കുറിച്ച് പറയുന്നുണ്ട്. "അഭിനയ മോഹവുമായി ഞാൻ ഓടിനടക്കുന്ന സമയത്ത്, സത്യൻ സാറിനൊപ്പം ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കിട്ടിയ സിനിമ ആയിരുന്നു അനുഭവങ്ങൾ പാളിച്ചകൾ. അന്ന് എനിക്ക് ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസേയുള്ളൂ. ഒരിക്കൽ, സേതുമാധവൻ സാറിന്റെ അടുത്ത് ഒരു വേഷം വേണമെന്ന് പറയാൻ നിന്ന ഞാൻ ഒരാളെ ശ്രദ്ധിച്ചു. ഞാൻ ചോദിച്ചു, ആ ചെറുപ്പക്കാരൻ ആരാണെന്ന്. അപ്പോൾ ആരോ പറഞ്ഞു. അത് പുന്നപ്ര അപ്പച്ചനാണെന്ന്. പുന്നപ്ര അപ്പച്ചന്റെ വേഷമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി..."
ഇതിനെക്കുറിച്ച് പിന്നീട് പുന്നപ്ര അപ്പച്ചൻ പറഞ്ഞത് ഇങ്ങനെയാണ് : - '' ആ സിനിമയിൽ മമ്മൂട്ടി ഓടി വരുന്ന ഒരു സീൻ ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ, സിനിമ വന്നപ്പോൾ അത് ഉണ്ടായിരുന്നില്ല. പിന്നീട് വെനീസിലെ വ്യാപാരി എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതൊരു നോമ്പ് കാലമായിരുന്നു. ഞാനും നോമ്പ് നോൽക്കുകയായിരുന്നു. അന്ന് അടുത്തറിയാനും സംസാരിക്കാനുമൊക്കെ പറ്റിയിട്ടുണ്ട്. ദ കിംഗിൽ ഞാൻ മുഖ്യമന്ത്രി ആയിട്ടാണ് അഭിനയിച്ചത്. അത് നല്ലൊരു അനുഭവമായിരുന്നു. ഞാൻ ട്രെയിനിൽ അവിടെ എത്താൻ താമസിച്ചത് കാരണം മമ്മൂട്ടി പോലും കാത്തിരുന്നു"".
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |