
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബശ്രീകൾ വരുതിയിലാക്കാൻ മുന്നണികളുടെ ശ്രമം.
ജനുവരി 15ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഫെബ്രുവരി 21ന് പഞ്ചായത്തുതല സി.ഡി.എസ് ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പാർട്ടി ലേബലിൽ അല്ലെങ്കിലും, പാർട്ടികളോട് ചേർന്നു നിൽക്കുന്നവരെ ഭരണതലപ്പത്ത് കൊണ്ടുവരുകയാണ് ലക്ഷ്യം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 7210 കുടുംബശ്രീ വനിതകളാണ് വിജയിച്ചത്. ഈ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കരുക്കൾ നീക്കുന്നത്.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി രംഗത്തിറക്കാൻ കഴിയുന്നവരെ സി.ഡി.എസ് അംഗങ്ങളായും ചെയർപേഴ്‌സൺമാരായും കൊണ്ടുവരാനാണ് നീക്കം. നിലവിൽ ഭൂരിഭാഗം സി.ഡി.എസുകളും ഇടത് നിയന്ത്രണത്തിലാണ്.
തങ്ങളോട് അനുഭാവമുള്ളവരെ ചുമതലക്കാരായി കൊണ്ടുവരാനാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയ യു.ഡി.എഫ് ശ്രമിക്കുന്നത്.
ആകെയുള്ള 1070 കുടുംബശ്രീ സി.ഡി.എസുകളിൽ ചെയർപേഴ്‌സൺമാരായി 214 പേർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാകും. 53 പേർ പട്ടികവർഗത്തിൽ നിന്നുള്ളവരും 161 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
തിരഞ്ഞെടുപ്പുകൾ 17 മുതൽ
17 മുതലാണ് അയൽക്കൂട്ട അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ്. 30 മുതൽ മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തിരഞ്ഞെടുപ്പ്. ഫെബ്രുവരി എഴ് മുതൽ 11 വരെ നാലാംഘട്ട എ.ഡി.എസ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 20ന് പഞ്ചായത്തുതല സി.ഡി.എസ് തിരഞ്ഞെടുപ്പ്.
കുടിശികയുള്ളവർക്ക്
മത്സരിക്കാനാവില്ല
#കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാനാവില്ല.
# സി.ഡി.എസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സി.ഡി.എസ് അംഗം, എ.ഡി.എസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർക്കാണ് നിബന്ധന ബാധകമാകുന്നത്.
# ഒരാൾക്ക് രണ്ടുതവണ മാത്രമേ സി.ഡി.എസ് ചെയർപേഴ്‌സണകാൻ കഴിയൂവെന്നും നിബന്ധനയുണ്ട്. അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സി.ഡി.എസ് അംഗമാകാനും കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |