
കൊല്ലം: ആഗോള വിപണിയിൽ തോട്ടണ്ടി വില ഉയർന്നതിനൊപ്പം പരിപ്പുവില ഇടിയുകയും ചെയ്തതോടെ സംസ്ഥാനത്തെ കശുഅണ്ടി വ്യവസായ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കൂടിയ വിലയ്ക്ക് തോട്ടണ്ടി വാങ്ങി സംസ്കരിച്ചാൽ വലിയ നഷ്ടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്വകാര്യ ഫാക്ടറികൾ അടച്ചിടാനുള്ള ആലോചനയിലാണ്. കാഷ്യു കോർപ്പറേഷനും കാപ്പെക്സിനുമായി കാഷ്യു ബോർഡ് തോട്ടണ്ടിക്ക് ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും വിപണിവിലയിൽ നിന്ന് താഴ്ത്തി ലഭിച്ചില്ലെങ്കിൽ കരാർ ഉറപ്പിച്ചേക്കില്ല.
രണ്ടുമാസം മുമ്പ് സീസൺ അവസാനിച്ച സെനഗൽ, ഗിനിബസാവോ തോട്ടണ്ടിക്ക് കിലോയ്ക്ക് 145 രൂപയായിരുന്നു വില. ടാൻസാനിയൻ തോട്ടണ്ടിയുടെ സീസൺ ആരംഭിച്ചതോടെ വില കിലോയ്ക്ക് 170 രൂപയായി ഉയർന്നു. അഞ്ചുകിലോ തോട്ടണ്ടി സംസ്കരിച്ചാലേ ഒരുകിലോ കശുഅണ്ടി പരിപ്പ് ലഭിക്കൂ. 100രൂപ സംസ്കരണ ചെലവുസഹിതം ടാൻസാനിയൻ തോട്ടണ്ടി സംസ്കരിച്ച് ഒരുകിലോ പരിപ്പ് ലഭിക്കാൻ 900 രൂപയാകും.
എന്നാൽ, കൂടുതൽ വില്പനയുള്ള ഡബ്ല്യു 320 ഗ്രേഡ് കശുഅണ്ടി പരിപ്പിന് വിപണിയിൽ 710 മുതൽ 725 രൂപവരയേ വിലയുള്ളൂ. അഞ്ചുകിലോ ടാൻസാനിയൻ തോട്ടണ്ടി സംസ്കരിച്ച് വിൽക്കുമ്പോൾ 240 രൂപവരെ നഷ്ടമുണ്ടാകും. സാധാരണ, തോട്ടണ്ടിവില ഉയരുമ്പോൾ പരിപ്പിന്റെയും വില ഉയരേണ്ടതാണ്. എന്നാൽ ഒരുമാസം മുമ്പ് ഡബ്ല്യു 320 ഗ്രേഡ് പരിപ്പിന്റെ വില 100 രൂപ ഇടിഞ്ഞ് കിലോയ്ക്ക് 710- 725ൽ എത്തുകയായിരുന്നു.
പിന്നിൽ ട്രേഡിംഗ് മാഫിയ
ആഫ്രിക്കയിലെ കശുഅണ്ടി ഉത്പാദക രാജ്യങ്ങളിൽനിന്ന് വൻതോതിൽ തോട്ടണ്ടി സംഭരിച്ച് രാജ്യത്ത് എത്തിച്ചശേഷം വിൽക്കാതെ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുന്ന ട്രേഡിംഗ് മാഫിയയാണ് കേരളത്തിലെ കശുഅണ്ടി മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനുപുറമേ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യാനെന്ന വ്യാജേന വൻതോതിൽ പരിപ്പ് ഇറക്കുമതി ചെയ്യുന്നതും തിരിച്ചടിയായി.
നഷ്ടം കിലോയ്ക്ക് 240 രൂപ
(രൂപയിൽ)
ടാൻസാനിയൻ തോട്ടണ്ടി വില കിലോയ്ക്ക്......................165- 170
ഒരുകിലോ പരിപ്പാക്കാൻ ചെലവ്................................... 900
പരിപ്പിന്റെ ശരാശരി വില.................................................. 725
പരിപ്പ് വിൽക്കുമ്പോൾ നഷ്ടം.............................................240
നിലവിലെ സാഹചര്യത്തിൽ ഒരുകിലോ തോട്ടണ്ടി 125 രൂപയ്ക്ക് ലഭിച്ചാലേ വ്യവസായം ലാഭകരമാകൂ. വ്യവസായത്തെ തകർക്കുന്ന തരത്തിൽ വില കൃത്രിമമായി ഉയർത്തുന്നതിൽ സർക്കാർ ഇടപെടണം. നികുതി വെട്ടിച്ചുള്ള പരിപ്പ് ഇറക്കുമതിയും തടയണം.
പി.സുന്ദരൻ, കാഷ്യു എക്സ്പോർട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |