
കോട്ടയം: പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മാണി സി. കാപ്പൻ, പഞ്ചായത്തുതല കമ്മിറ്റി വിളിച്ചുള്ള പ്രവർത്തനം ആരംഭിച്ചു. കേരള കോൺഗ്രസ് -എമ്മിന്റെ യു.ഡി.എഫ് പ്രവേശനം സാദ്ധ്യമായാൽ ജോസ് കെ.മാണിക്ക് പാലായിൽ മത്സരിക്കാൻ അവസരം നൽകാതിരിക്കാനുള്ള തന്ത്രമാണിത്.
2021ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ജോസ് കെ. മാണിക്കെതിരെ 15378 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു കാപ്പന്റെ അട്ടിമറി ജയം. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയും സമീപ പഞ്ചായത്തുകളും ഇടതു മുന്നണിക്ക് നഷ്ടപ്പെട്ടത് ഉയർത്തിക്കാട്ടി ഇക്കുറി ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലായിരിക്കുമെന്ന ആത്മ വിശ്വാസമാണ് കാപ്പൻ പ്രകടിപ്പിക്കുന്നത്. രാജ്യസഭാംഗമെന്ന നിലയിൽ മൂന്നു വർഷത്തിലേറെ കാലാവധിയുള്ളതിനാൽ, ജോസ് കെ. മാണി പാലായിൽ
ഭാഗ്യ പരീക്ഷണത്തിന് വീണ്ടും ഇറങ്ങില്ലെന്ന് വിശ്വസിക്കുകയാണ് കാപ്പൻ.
മനസു തുറക്കാതെ ജോസ് കെ. മാണി
പാലായ്ക്കു പകരം കേരള കോൺഗ്രസ് -എമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന പ്രചാരണം ജോസ് കെ. മാണി തള്ളിയിരുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ജോസ് കെ. മാണി മനസു തുറക്കുന്നില്ല. 'മേഖലാ ജാഥയുടെ തിരക്കിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ", എന്നാണ് ജോസിന്റെ മറുപടി.
ബി.ജെ.പിക്ക് ഷോൺ ജോർജ്
പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാൻ കഴിയുന്ന ബി.ജെ.പി യുവ നേതാവ് ഷോൺ ജോർജിന്റെ പേരാണ് പ്രചരിക്കുന്നത്. ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നേരത്തേ വിജയിച്ചിട്ടുള്ള ഷോൺ ജോർജ് മത്സരിച്ചാൽ ബി.ജെ.പി, ക്രൈസ്തവ വോട്ടുകൾ നേടി പാലായിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |