
കൊല്ലം: കൗമാരത്തിൽ ജയപ്രകാശ് മനസിലൊളിപ്പിച്ച സ്വപ്നം അറുപത്തിയഞ്ചാം വയസിൽ സഫലം. അറുപതിലെത്തിയ, മനസിലെ പഴയ പ്രണയിനി രശ്മിയുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി ജയപ്രകാശ് ജീവിതത്തിൽ ഒപ്പം കൂട്ടി. ഇരുവരുടെയും മക്കളും മരുമക്കളുമാണ് കാരണവന്മാരുടെ സ്ഥാനത്ത് നിന്ന് വിവാഹലോചന നടത്തി പുതിയ മാതൃക സൃഷ്ടിച്ചത്.
കൊല്ലം മുണ്ടയ്ക്കൽ മുരളി ഭവനത്തിൽ ജയപ്രകാശിന് കൗമാരത്തിൽ മുണ്ടയ്ക്കൽ സവിരയിൽ രശ്മിയോട് പ്രണയം തോന്നിയെങ്കിലും തുറന്നുപറഞ്ഞില്ല. അതിനിടയിൽ രശ്മിയുടെ വിവാഹം നടന്നു. വിദേശത്ത് ജോലി ലഭിച്ച ജയപ്രകാശും വേറെ വിവാഹം കഴിച്ചു. ഇരുവരുടെയും കുടുംബ ജീവിതം സന്തുഷ്ടമായിരുന്നു. പക്ഷെ രശ്മിയുടെ ജീവിത പങ്കാളിയെ പത്ത് വർഷം മുമ്പും ജയപ്രകാശിന്റെ പങ്കാളിയെ അഞ്ചുവർഷം മുമ്പും വിധി തട്ടിയെടുത്തു.
ഭർത്താവ് നഷ്ടമായ വേദന മറക്കാൻ രശ്മി കലാരംഗത്ത് സജീവമായി. മക്കളുടെ നിർബന്ധത്തിന് വഴങ്ങി ജയപ്രകാശ് പുനർവിവാഹത്തിനുള്ള ആലോചന തുടങ്ങി. അതിനിടയിൽ രശ്മി അഭിനയിച്ച ഒരു ഷോർട്ട് ഫിലിം ജയപ്രകാശ് കണ്ടു. അതിന്റെ സംവിധായകനിൽ നിന്ന് ജയപ്രകാശ് രശ്മിയുടെ മകളുടെ ഫോൺ നമ്പർ വാങ്ങി വിവാഹലോചന മുന്നോട്ടുവച്ചു. മകളും മരുമകനും പിന്തുണച്ചതോടെ രശ്മി വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ രണ്ടുപേരുടെയും മക്കളും മരുമക്കളും ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ അഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം. "ഏത് മക്കൾക്കാണ് ഈ ഭാഗ്യം കിട്ടുന്നത്?" എന്ന ഹൃദയസ്പർശിയായ കുറിപ്പോടെ രശ്മിയുടെ മകൾ പങ്കുവച്ച ജയപ്രകാശിന്റെയും രശ്മിയുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |