കൊല്ലം: ശരീരം വീൽച്ചെയറിലാണെങ്കിലും അഞ്ജനയുടെ മനസിന് തളർച്ചയില്ല. വരയുടെയും വർണങ്ങളുടെയും ലോകത്ത് അത് ചിറകുവിരിച്ച് പറക്കും. മസിലുകളുടെ ശക്തി ക്ഷയിപ്പിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗമാണ് അഞ്ജന(17)യ്ക്ക്. കരുനാഗപ്പള്ളി കോഴിക്കോട് നീരാഞ്ജനത്തിൽ ജയമോന്റെയും രജനിയുടെയും ഇളയമകളാണ്. കുട്ടിക്കാലം മുതൽ നടക്കാൻ കഴിയാതായതിനാൽ അമ്മയോ അച്ഛനോ ആണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ജീവിതം പൂർണമായും വീൽച്ചെയറിലായത്. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു. കൈകൾക്ക് കടുത്ത വേദന. അപ്പോഴും പെൻസിലും ബ്രഷും മുറുകെ പിടിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ യുട്യൂബിൽ കണ്ട ചിത്രരചന വീഡിയോകളാണ് അതിലേക്ക് വഴിതെളിച്ചത്. പെൻസിൽ ഡ്രോയിംഗിലായിരുന്നു തുടക്കം. ചുറ്റും കാണാനാഗ്രഹിക്കുന്ന കാഴ്ചകളെ ക്യാൻവാസിലേക്ക് പകർത്തി. ഒപ്പം അക്രിലിക് പെയിന്റ് ഉപയോഗിച്ച് കാലിക്കുപ്പികളും കളർഫുള്ളാക്കി.
ചിത്രകാരൻ ജിഷ്ണു തുടങ്ങിയ ഡ്രോയിംഗ് സ്കൂളിൽ ചേർന്നതോടെ സ്റ്റെൻസിൽ ആർട്ടും പഠിച്ചു. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിനിയാണ്. സഹോദരി: നിരഞ്ജന. വാടകയ്ക്ക് കമ്പ്യൂട്ടർസെന്റർ നടത്തുകയാണ് അമ്മ രജനി. ജയമോന് കൂലിപ്പണിയാണ്.
ചിത്രരചന വരുമാനമാർഗവും
ചിത്രരചന ഇപ്പോൾ ചെറിയ വരുമാനമാർഗം കൂടിയാണ് അഞ്ജനയ്ക്ക്. ആവശ്യം അനുസരിച്ചും ചിത്രങ്ങൾ വരച്ചുനൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി, നടൻ വിക്രം, ഗായകൻ വിധുപ്രതാപ്, നടിമാരായ മഞ്ജുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ അതിഥിയായി പങ്കെടുത്തിരുന്നു. ഉജ്വലബാല്യം പുരസ്‌കാരമുൾപ്പടെ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |