
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖല ബാങ്കുകളുടെ വായ്പാ വിതരണത്തിൽ മികച്ച മുന്നേറ്റം. കേന്ദ്ര സർക്കാർ ജി.എസ്.ടിയിൽ വരുത്തിയ കുറവും ഉത്സവകാലത്തെ വ്യാപാര ഉണർവുമാണ് വായ്പാ ആവശ്യത്തിൽ വലിയ വർദ്ധന സൃഷ്‌ടിച്ചത്.
റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വിതരണത്തിൽ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാെസത്തിൽ ഏഴ് മുതൽ 20 ശതമാനം വരെ വളർച്ചയാണുണ്ടായത്. അതേസമയം സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണത്തിൽ ഇക്കാലയളവിൽ നാല് മുതൽ 17 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി.
പൊതുമേഖല ബാങ്കുകളിൽ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയും സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയും 19 ശതമാനത്തിലധികം വായ്പാ വളർച്ചയുമായി മികച്ച മുന്നേറ്റം നടത്തി. യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് വായ്പാ വിതരണത്തിൽ പത്ത് ശതമാനത്തിൽ താഴെ വളർച്ച നേടിയത്. സ്വകാര്യ ബാങ്കുകളിൽ എച്ച്.ഡി.എഫ്.സി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജമ്മു ആൻഡ് കാഷ്‌മീർ ബാങ്ക് എന്നിവ മികച്ച വളർച്ച നേടി.
ഗണേഷ് ചതുർത്ഥിയും നവരാത്രി ആഘോഷങ്ങളും ദീപാവലിയും അടക്കമുള്ള ഉത്സവകാലവും വിപണിക്ക് ആവേശം പകർന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ നാല് തവണയായി 1.25 ശതമാനം കുറച്ച് 5.25 ശതമാനമാക്കിയതും ബാങ്കുകളുടെ വായ്പാ വിതരണത്തിന് കരുത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |