
കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി മാദ്ധ്യമ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെയുള്ള കേരളകൗമുദിയുടെ പ്രവർത്തനം അഭിമാനാർഹമാണെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എൽ. മുരുകൻ പറഞ്ഞു. ആരെപ്പറ്റിയും എന്തും നിമിഷങ്ങൾക്കുള്ളിൽ പ്രചരിപ്പിക്കാവുന്ന നവമാദ്ധ്യമങ്ങളുള്ള ഇക്കാലത്ത് പരമ്പരാഗത മാദ്ധ്യമങ്ങളുടെ ധാർമ്മികമായ നിലപാട് പ്രസക്തമാണ്. കേരളകൗമുദി കോട്ടയം യൂണിറ്റ് കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി നടത്തിയ ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടിയായ രജതോത്സവത്തിന്റെ സമാപന സമ്മേളനം കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌മാർട്ട് ഫോൺ കൈയിലുള്ള ആരും കണ്ടന്റ് ക്രിയേറ്ററാകുന്ന കാലമാണിത്. ലൈക്കിനും റീച്ചിനും വേണ്ടി രാജ്യദ്രോഹപരമായ വിഷയങ്ങൾ വരെ പ്രചരിപ്പിക്കുന്ന സ്ഥിതിയിലേക്കുമെത്തി. ലഭിക്കുന്നത് എന്തും യാഥാർത്ഥ്യം പരിശോധിക്കപ്പെടാതെ നവമാദ്ധ്യമങ്ങളിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗമെത്തുകയാണ്. എന്നാൽ, പരമ്പരാഗത മാദ്ധ്യമങ്ങൾക്ക് വാർത്തകളുടെ സത്യസന്ധത പരിശോധിക്കാനും വിലയിരുത്താനും എഡിറ്റോറിയൽ സമിതിയുണ്ട്.
അവരിലൂടെ വസ്തുനിഷ്ഠമായ വാർത്തകളാണ് ജനങ്ങളിലേയ്ക്ക് എത്തുക. നവമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് സാമ്പത്തികം മാത്രമാണ് ലക്ഷ്യം. മാദ്ധ്യമങ്ങളെ എന്നും നരേന്ദ്രമോദി സർക്കാർ ചേർത്തു പിടിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ജേർണലിസ്റ്റ് വെൽഫയർ സ്കീം കൊവിഡ് കാലത്ത് ഒരുപാട് മാദ്ധ്യമ പ്രവർത്തകർക്ക് ഗുണകരമായെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രസംഗം നടത്തി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അയർക്കുന്നം ക്രിസ്തുരാജ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എം.സി.സിറിയക്ക് ആശംസയറിയിച്ചു. ഡോ.എം.സി.സിറിയക്കിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ ബേബി' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ.ഫാ.ബിനു കുന്നത്ത്,ചെറുകഥാകൃത്തും നോവലിസ്റ്റുമായ അനിൽ കോനാട്ട്,നവജീവൻ ട്രസ്റ്റി പി.യു.തോമസ്,സംരംഭകയും രാഷ്ട്രീയ നേതാവുമായ സുമ വിജയൻ,കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ,യുടെക് ഹോം സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കൃഷ്ണൻ,മാവേലിക്കര വി.എസ്.എം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.പ്രശാന്ത് വെന്നിയിൽ,നടനും നിർമ്മാതാവുമായ ഡോ.മധുസൂദനൻ നായർ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു.
'കേരളീയ നവോത്ഥാനത്തിൽ കേരളകൗമുദിയുടെ പങ്ക് ' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖനമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു. കേരളകൗമുദി കോട്ടയം യൂണിറ്റ്ചീഫ് ആർ.ബാബുരാജ് സ്വാഗതവും, ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് നന്ദിയും പറഞ്ഞു. തുടർന്ന് കലാഭവൻ ചാക്കോച്ചന്റെ മ്യൂസിക് ഫ്യൂഷനും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |