
കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സാമൂഹിക പ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്‌ട്രാറുമായ ആർ.എസ്. ശശികുമാറാണ് കോടതിയെ സമീപിച്ചത്.
വഞ്ചിയൂർ വില്ലേജിലെ 15 സെന്റ് ഭൂമി 1977ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി. സെന്ററിന് കൈമാറിയതായാണ് പറയുന്നത്. എന്നാൽ ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ സർക്കാർ ഓഫീസുകളിലോ സർവകലാശാല, കോർപ്പറേഷൻ ആസ്ഥാനത്തോ ലഭ്യമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തണ്ടപ്പേർ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയോ കരം അടയ്‌ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമിയാണെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. ഇപ്പോൾ 40 സെന്റ് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. എ.കെ.ജി സെന്റർ സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ല. ഭൂമി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. അനുമതിയില്ലാതെ കെട്ടിടങ്ങളും നിർമ്മിച്ചു. വിവരാവകാശ രേഖകൾ ഉണ്ടായിട്ടും ഭൂമി തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസ് സി. ജയചന്ദ്രൻ, പൊതുതാത്പര്യ ഹർജികൾ കേൾക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |