
ചാരുംമൂട് (ആലപ്പുഴ): സ്‌കൂട്ടർ ഇടിച്ച് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യാചകന്റെ സഞ്ചികളിൽ നിന്ന് ലഭിച്ചത് 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ ഇടിച്ച് വീണതിനെ തുടർന്ന് നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചിരുന്നു. അനിൽ കിഷോർ, തൈപറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം.
തലയ്ക്ക് പരിക്കുള്ളതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെയാണ് ടൗണിലെ ഒരു കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചികൾ സ്റ്റേഷനിൽ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകൾ, പഴ്സുകൾ എന്നിവ കണ്ടത്.
തുടർന്ന് പൊലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗമായ ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ രാധാകൃഷ്ണനാചാരി, സി.പി.ഒ മണിലാൽ എന്നിവരും പഞ്ചായത്ത് മെമ്പറും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും കൂടി നോട്ടുകൾ എണ്ണിയപ്പോഴാണ് നാലര ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായത്.
2000ത്തിന്റെ 12 നോട്ടുകളും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. 5 പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകൾ അടുക്കി സെല്ലോടോപ്പ് ഒട്ടിച്ച നിലയിലായിരുന്നു സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ഇയാളുടെ ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് സി.ഐ എസ്.ശ്രീകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |