
കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്ന പാവയാണ് ലബൂബു. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ പാവ കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ വാങ്ങിയിട്ടുണ്ട്. പല സെലിബ്രിറ്റികളും ഈ പാവ വാങ്ങിയതിന്റെ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. യഥാർത്ഥ ലബൂബു പാവയ്‌ക്ക് ആയിരങ്ങളാണ് വില. പക്ഷേ, ഇവ പല വിലയ്‌ക്കും വിപണിയിൽ ലഭ്യമാണ്. എന്നാൽ, 2026 ആയതോടെ ലബൂബുവിനെക്കുറിച്ച് കേൾക്കാതായി. പുത്തൻ വർഷത്തിൽ പുതിയ പാവയാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. അതാണ് മിറുമി.
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായ യുകായ് എഞ്ചിനീയറിംഗ് ആണ് ഈ പാവ നിർമിച്ചിരിക്കുന്നത്. പക്ഷേ, മിറുമി ലബൂബുവിന്റെ പകരക്കാരനാണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. ഇത് വെറുമൊരു പാവയല്ല. യഥാർത്ഥ മനുഷ്യക്കുഞ്ഞിനോട് ഇടപഴകുമ്പോൾ കിട്ടുന്ന അതേ സന്തോഷം നിങ്ങൾക്ക് മിറുമിയിൽ നിന്നും ലഭിക്കും എന്നാണ് ഇതിനെ രൂപകൽപ്പന ചെയ്‌തവർ പറയുന്നത്. അത്രയും ആകർഷണീയമായ റോബോട്ട് ആണിത്. മിറുമിക്ക് ഇത്രയും ഹൈപ്പ് ഉണ്ടാകാനുള്ള കാരണങ്ങൾ വിശദമായി അറിയാം.

മിറുമിയെ പരിചയപ്പെടാം
കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (CES) ഒരു പ്രോട്ടോടൈപ്പായാണ് മിറുമിയെ ആദ്യം പരിചയപ്പെടുത്തിയത്. ഉടൻ തന്നെ ഇവ വിപണിയിൽ ലഭ്യമാകും. കൈവെള്ളയുടെ വലുപ്പം മാത്രമുള്ള മിറുമി മൃദുവായ രോമങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും. ബാഗുകളിൽ തൂക്കിയിടാൻ പറ്റിയ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നിരുന്നാലും ഇവ ബാഗിന് ഭംഗി നൽകുന്ന വെറുമൊരു വസ്‌തു മാത്രമല്ല. വളരെ ലളിതവും ചെറിയ ചലനങ്ങളിലൂടെ ചുറ്റുപാടുകളോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു ചെറിയ റോബോട്ടാണിത്.
നമ്മൾ പറയുന്ന വാക്കുകൾ അവയ്‌ക്ക് മനസിലാകില്ലെങ്കിലും ശബ്‌ദങ്ങളോട് പ്രതികരിക്കും. ശബ്‌ദം കേട്ട ഭാഗത്തേക്ക് പാവ ലജ്ജയോടെ നോക്കുന്നതായി നമുക്ക് കാണാം. നമ്മൾ തല കുലുക്കിയാൽ പാവയും അതേപടി കുലുക്കും. അങ്ങനെ ചെയ്യരുത് എന്ന നമ്മൾ പറഞ്ഞാൽ പാവ നമ്മളെ നോക്കി തല രണ്ട് വശത്തേക്കും കുലുക്കും.
'മാതാപിതാക്കളുടെ കയ്യിലിരിക്കുന്ന ഒരു കുഞ്ഞ് മറ്റുള്ളവരെ കാണുമ്പോഴുള്ള നോട്ടവും പുഞ്ചിരിയും കണ്ണടച്ച് തുറക്കുന്ന ഭാവങ്ങളുമെല്ലാം ഈ പാവയിലും നിങ്ങൾക്ക് കാണാനാവും. കുഞ്ഞുങ്ങളുടെ ഈ ഭാവം കാണുമ്പോൾ എല്ലാവരിലും സന്തോഷം തോന്നാറുണ്ട്. ഈ സന്തോഷം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകുക എന്നാഗ്രഹിച്ചാണ് ഞങ്ങൾ ഈ പാവ നിർമിച്ചിരിക്കുന്നത് ' - യുകായ് എഞ്ചിനീയറിംഗിന്റെ സിഇഒ ഷുൻസുകെ അവോക്കി പറഞ്ഞു.
ശബ്‌ദത്തോട് മാത്രമല്ല, മിറുമി സ്‌പർശനത്തോടും പ്രതികരിക്കുന്നു. ലാളിക്കുന്നുവെന്ന് തോന്നുമ്പോൾ മിറുമി അതേ രീതിയിൽ നമ്മളോട് പ്രതികരിക്കും. മാത്രമല്ല, ബാറ്ററി ചാർജ് കുറയുമ്പോഴും മിറുമി തലകുലുക്കും.

മിറുമിക്ക് പിന്നിലെ ഉദ്ദേശ്യം
വലിയ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും മിറുമിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് അതിന്റെ സൃഷ്‌ടാക്കൾ വിശ്വസിക്കുന്നത്. സൗമ്യമായ നോട്ടത്തിലൂടെ മിറുമി അപരിചതരിൽ പോലും സന്തോഷം കൊണ്ടുവരുന്നു. തിരക്കേറിയ ട്രെയിനിലായാലും വഴിയിലായാലും മിറുമി അവയുടെ നിഷ്‌കളങ്കമായ നോട്ടത്തിലൂടെ ആളുകളുടെ ഹൃദയം കീഴടക്കുന്നു. സ്‌ക്രീൻ ടൈം കൂടുന്നത് കാരണമുണ്ടാകുന്ന അപകടങ്ങൾ കുറയ്‌ക്കാൻ ഈ പാവ സഹായിക്കുമെന്നും നിർമാതാക്കൾ പറയുന്നു.
മിറുമി എങ്ങനെ സ്വന്തമാക്കാം
ഇതുവരെ ഇവ വിപണിയിൽ ലഭ്യമായിട്ടില്ല. കിക്ക്‌സ്റ്റാർട്ടർ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിലൂടെ അവ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. മിറുമി ഒരു വില കുറഞ്ഞ കളിപ്പാട്ടമല്ല. ഗ്രേ അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള ഇവയിൽ ധാരാളം രോമങ്ങളുണ്ട്. ഒരു മിറുമിയുടെ വില 18,360 യെൻ (10,583 രൂപ) ആണ്. നിരവധിപേർ ഇപ്പോൾ തന്നെ ബുക്ക് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.
വളരെ വൈറലായിരുന്നുവെങ്കിലും നെഗറ്റീവ് ഊർജത്തെ ആകർഷിക്കുമെന്നും ജീവിതത്തിൽ അടിക്കടി ദുരിതങ്ങൾ ഉണ്ടായിയെന്നുമുള്ള പേരിൽ ലബൂബുവിനെ പലരും കത്തിച്ച് കളഞ്ഞിട്ടുണ്ട്. അതിന്റെ രൂപവും എല്ലാവർക്കും ഇഷ്‌ടപ്പെടുന്നതല്ല. ഇതിൽ നിന്നെല്ലാം വിപരീതമാണ് മിറുമി. ഒരു പാവം കുഞ്ഞിനെപ്പോലെ വളരെ ശാന്തമായി ഇവ നിങ്ങളോടൊപ്പം ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |