SignIn
Kerala Kaumudi Online
Friday, 09 January 2026 12.46 AM IST

നിഷിൽ ശമ്പളപരിഷ്‌ക്കരണത്തിന് മന്ത്രിസഭായാേഗ തീരുമാനം, പൊലീസിൽ 20 റിസർവ് ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിക്കും

Increase Font Size Decrease Font Size Print Page
cabinet

തിരുവനന്തപുരം: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനമായി. ഇന്നുചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

മറ്റുതീരുമാനങ്ങൾ

പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അനുവദിക്കും.

മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മേയ് 18 നും 31 നും ഇടയിൽ നഷ്ടപ്പെട്ട 14 തൊഴിൽ ദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകും. 1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 48,20,48,000 രൂപ അനുവദിക്കും.

ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.

ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്ക് / സംരംഭകർക്ക് മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

പൊലീസിൽ 20 റിസർവ് ഇൻസ്‌പെക്ടർ തസ്തിക

പൊലീസ് വകുപ്പിലെ 20 റിസർവ് സബ്ഇൻസ്‌പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിക്കും. ആംഡ് റിസർവ് ക്യാമ്പിന്റെ പ്രവർത്തന മേൽനോട്ടത്തിന് ഉയർന്ന തസ്തിക അനിവാര്യമായതിനാലാണ് തസ്തികൾ അപ്ഗ്രേഡ് ചെയ്യുന്നത്.

വേതനം വർദ്ധിപ്പിക്കും

തീരദേശ പൊലീസ് സ്​റ്റേഷനിലെ സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്‌കർ, ബോട്ട് കമാണ്ടർ, അസിസ്​റ്റന്റ് ബോട്ട് കമാണ്ടർ, സ്‌പെഷ്യൽ മറൈൻ ഹോംഗാർഡ് എന്നീ തസ്തികകൾക്ക് വേതനം വർദ്ധിപ്പിക്കും.

ഭരണാനുമതി നൽകി

കണ്ണൂർ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മാവിലായിൽ ഹെറി​റ്റേജ് വില്ലേജ് പദ്ധതി, എ കെ ജി സ്മൃതിമണ്ഡപം സൗന്ദര്യവൽക്കരണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ കിഫ്ബി ധനസഹായത്തോടെ നിർവഹിയ്ക്കുന്നതിന് ഭരണാനുമതി നൽകി. പദ്ധതി നടപ്പിലാക്കുമ്പോൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിന് അധിക ബാധ്യത ഉണ്ടാകാത്ത വിധം,തദ്ദേശസ്വയംഭരണ വകുപ്പും പെരളശ്ശേരി ഗ്രാമ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും കൂടിയാലോചിച്ച് ഒരു റവന്യൂ മോഡലിന് രൂപം നൽകും.

നിഷിൽ ശമ്പള പരിഷ്‌ക്കരണം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ലെ ജീവനക്കാർക്ക് 01.07.2019 പ്രാബല്യത്തിൽ പത്താം ശമ്പളപരിഷ്‌ക്കരണം അനുവദിക്കും.

സർക്കാർ ഗ്യാരണ്ടി

ദേശീയ സഫായി കർമചാരി ധനകാര്യ വികസന കോർപ്പറേഷനിൽനിന്നും വായ്പ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 5 വർഷത്തേയ്ക്ക്, 400 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിക്കും.

കേരളത്തിലെ മുഴുവൻ സിനിമാ തീയേ​റ്ററുകളിലും ഇടിക്ക​റ്റിംഗ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് എട്ടുവർഷത്തേയ്ക്ക് എട്ടുകോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകും.

ഉത്തരവിൽ ഭേദഗതി

സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ സംഭരണ വില 01/11/2025 മുതൽ പ്രാബല്യത്തിൽ കിലോഗ്രാമിന് 30 രൂപയായി ഉയർത്തിയ ഉത്തരവിൽ ഭേദഗതി വരുത്തി. 202526 ഒന്നാം സീസൺ ആരംഭിച്ച 20/10/2025 മുൻകാല പ്രാബല്യം നൽകിയാണ് ഭേദഗതി.

സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിയ്ക്കുന്ന ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിൽ ഭേദഗതി. സ്വാതന്ത്റ്യത്തിന് ശേഷവും 01/08/1971 ന് മുമ്പും കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ 15 ശതമാനം നൽകണം. സ്വാതന്ത്റ്യത്തിന് ശേഷവും കേരള പിറവിക്ക് മുമ്പും കൈവശം വച്ചിരുന്ന ഭൂമിക്ക് ന്യായ വിലയുടെ 25 ശതമാനം എന്നുള്ളതായിരുന്നു നിലവിലുള്ള വ്യവസ്ഥ.

തുടർച്ചാനുമതി സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൽ 1012 താൽക്കാലിക തസ്തികകൾക്ക് 01/04/2025 മുതൽ 30/06/2026 വരെ തുടർച്ചാനുമതി നൽകും.

പതിച്ചു നൽകും

തൃശൂർ പീച്ചി വില്ലേജിൽ ലൂർദ്ദ് മാതാ പള്ളി കൈവശം വച്ചിരുന്ന ഭൂമി ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നൽകാൻ തീരുമാനിച്ചു.

ഭൂപതിവ് ചട്ടത്തിൽ ഭേദഗതി

1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകുമ്പോൾ ഭൂമിയിൽ നിൽക്കുന്ന തേക്ക്, വീട്ടി, ചന്ദനം, എബണി എന്നീ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിനായിരിക്കും എന്ന് വ്യക്തമാക്കുന്ന ചട്ട ഭേദഗതിക്ക് അംഗീകാരം നൽകി

താൽക്കാലിക സ്ഥാനക്കയ​റ്റം

സ്‌പെഷ്യൽ റൂൾസിൽ വ്യവസ്ഥകളോടെ ഇളവ് നൽകി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാർക്ക് പബ്ലിക്ക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയ​റ്റം അനുവദിക്കും. പബ്ലിക്ക് ഹെൽത്ത് നേഴ്സ് തസ്തികയിൽ 400ഓളം ഒഴിവുകൾ നിലവിലുള്ളതിനാലാണിത്.

TAGS: CABINET MEETING, CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.