
മലയാളി ശരിക്കൊന്നു പൊട്ടിച്ചിരിച്ചിട്ട് എത്ര കാലമായി? കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ സിനിമാ കണക്കെടുത്ത് പരിശോധിച്ചാൽ, അതിൽ ശുദ്ധ നർമ്മംകൊണ്ട് പൊട്ടിച്ചിരിപ്പിച്ച, ഓർത്തോർത്തും പേർത്തും പേർത്തും, കൂടിയിരിക്കുമ്പോൾ പറഞ്ഞു ചിരിക്കാനും വക നൽകിയ എത്ര സിനിമകളുണ്ടായിട്ടുണ്ട്? കാര്യമായൊന്നും പറയാനുണ്ടാകില്ല. തിയേറ്ററിൽ ചിരി മുഴങ്ങിയ സിനിമകൾ ഉണ്ടായില്ല എന്നല്ല, ആ ചിരി തിയേറ്റർ വിടുമ്പോഴേക്കും കാണികളെ വിട്ടു പോയിരിക്കും.
ചിരിച്ചു ചിരിച്ച്, ഒടുവിൽ കരച്ചിലിന്റെ വക്കോളമെത്തിച്ച എത്രയോ സിനിമകൾ. തുടക്കം മുതൽ ഒടുക്കം വരെ ചിരിമയമാക്കിയ സിനിമകൾ, ചിരിയിലൂടെ ചിന്തിപ്പിച്ച സിനിമകൾ... ഇതൊക്കെ ഉണ്ടാകുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ കാര്യം മാത്രമെടുക്കാം. 184 സിനിമകളാണ് റിലീസായത്. അതിൽ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്നത് ഒമ്പത് സിനിമകൾ- ലോക, തുടരും, എമ്പുരാൻ, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം സർവ്വം മായ എന്നിവയാണ് ഈ സൂപ്പർ ഹിറ്റ് പട്ടികയിൽ.
കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രോമൻസ് എന്നിവയാണ് ഹിറ്റുകളുടെ കൂട്ടത്തിൽ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നല്ല ഹാസ്യചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന എത്ര ചിത്രമുണ്ട്?ഹാസ്യത്തിന്റെ പേരിൽ ഷോ കാണിക്കാൻ ശ്രമിച്ചവരെയെല്ലാം പ്രേക്ഷകർ 'ബ്ഭാ..." എന്ന് നീട്ടി ആട്ടി തിയേറ്ററുകളിൽ നിന്ന് ഓടിച്ചുവിട്ടതും 2025ന്റെ അവസാനം കണ്ടതാണ്.
പ്രേക്ഷകരെ പേടിപ്പിക്കലാണ് നൂജെൻ ട്രെൻഡ്. നന്നായി പേടിപ്പിച്ചാൽ പടം ഹിറ്റാവുമെന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. സൂപ്പർ ഹിറ്റ് പട്ടികയിലുള്ള ഡിയസ് ഈറെ, ലോക എന്നിവ പേടിപ്പിച്ചാണ് പണം വാരിയത്. ലാറ്റിൻ വാക്കാണ് 'ഡീയസ് ഈറെ". ഉഗ്രക്രോധത്തിന്റെ ദിനം എന്നാണ് ഇതിന് അർത്ഥം. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള കണക്കും കണക്കുതീർക്കലും ഒക്കെയായാണ് സിനിമ പുരോഗമിക്കുന്നത്.
30 കോടി മുടക്കി 300 കോടി വാരിക്കൂട്ടിയ 'ലോക"യും പേടിപ്പിക്കലാണ്. പണ്ടത്തെ വാമ്പയർ സങ്കല്പത്തിലുള്ള പടിഞ്ഞാറൻ സിനിമകളുടെ മലയാളം പതിപ്പാണെന്ന് തോന്നുമെങ്കിലും സിനിമയുടെ മേക്കിംഗ് ഉഗ്രനായതുകൊണ്ടാണ് ചിത്രം സൂപ്പർ ഹിറ്റായത്. ത്രില്ലർ, വെട്ട്, കുത്ത്, ചോരകുടി സിനിമകളുടെ കൂട്ടത്തിൽ നല്ലൊരു കോമഡി സിനിമ തിരഞ്ഞാൽ കിട്ടില്ല. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന മട്ടിലാണ് മലയാളികൾ ചില സിനിമകളെ ചിരിച്ച് വിജയിപ്പിച്ചത്.
പട്ടിണിയിലും
കോമഡി
ഹാസ്യം എക്കാലത്തും ജനങ്ങൾ ഇഷ്ടപ്പെടും. തമാശ യാഥാർത്ഥ്യബോധത്തോടെ കാണിച്ചാൽ ജനങ്ങൾ സ്വീകരിക്കും. ചിരിക്കുന്നതും ചിരിപ്പിക്കുന്നതും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. കോമഡി കൂടുതലും ഉണ്ടാകുന്നത് മണ്ടത്തരത്തിൽ നിന്നാണ്. ഒരു കഥാപാത്രത്തിന്റെ പൊങ്ങച്ചത്തിൽ നിന്നും വിഡ്ഢിത്തത്തിൽ നിന്നും കോമഡിയുണ്ടാകാറുണ്ട്. പട്ടിണിയിൽ നിന്നും കോമഡിയുണ്ടാകാറുണ്ട്. 'നാടോടിക്കാറ്റ്" പോലുള്ള സിനിമയിൽ പശുവിന് വാങ്ങിയ പിണ്ണാക്കെടുത്ത് കഴിച്ചു എന്നു വരുമ്പോൾ പട്ടിണിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
അഭിനയിക്കാൻ പ്രയാസം കോമഡി വേഷങ്ങളാണെന്ന് പല നടന്മാരും വ്യക്തമാക്കിയിട്ടുള്ളതാണ്. ജനത്തെ ചിരിപ്പിക്കാനായി ഹാസ്യരചന നടത്തുന്നതും അതിലേറെ ശ്രമകരമാണ്. ചുമ്മാ തറ നമ്പർ ഇറക്കിയാലൊന്നും ഇപ്പോഴത്തെ തലമുറ ചിരിച്ചെന്നു വരില്ല. അപ്പോൾപ്പിന്നെ മറ്റു വിഷയങ്ങളിലേക്ക് തിരിയും. തിരക്കഥയുടെ ശക്തിക്കും അഭിനയ മികവിന്റെ അപാര സാദ്ധ്യതകൾക്കും അപ്പുറത്ത് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടുള്ള മേക്കിംഗിലേക്ക് സിനിമാ പ്രവർത്തകർ തിരിഞ്ഞു. പണം കൂടുതൽ മുടക്കി കൂടുതൽ ലാഭം നേടുക എന്ന രീതി മലയാളത്തിലും വന്നു. പാൻ ഇന്ത്യൻ ട്രെൻഡിലേക്ക് മറ്റ് തെന്നിന്ത്യൻ ഭാഷാ സിനിമകൾ കടന്നപ്പോൾ മലയാളത്തിലും അതിനുള്ള ശ്രമം ഉണ്ടായി. ചോര ഇറ്റിറ്റു വീഴുന്ന കത്തിയും കടിച്ചുപിടിച്ചു നിൽക്കുന്ന നായകനെ കാണുമ്പോൾ കുടുംബ സദസുകൾ പേടിക്കും. കുട്ടികളുടെ മാനസിക നിലയെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് മാസ് ചേരുവകൾ മലയാള സിനിമയിലും ചേർക്കുന്നത്.
ചിരിയുടെ
ലാഭം
ഹാസ്യ സിനിമകൾ നിർമ്മിക്കാൻ ചെലവ് കുറവാണ്. പരാജയപ്പെട്ടാലും വലിയ കൈനഷ്ടം നിർമ്മാതാവിനുണ്ടാകില്ല. വിജയിച്ചാൽ വൻ ലാഭവും. മറ്റ് ചിത്രങ്ങൾ അങ്ങനെയല്ല, ചെലവ് കൂടും; പരാജയപ്പെട്ടാൽ നഷ്ടത്തിന്റെ ആഘാതവും കൂടും. മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച് റെക്കാഡ് സൃഷ്ടിച്ച സിനിമകളെയൊക്കെ മുന്നോട്ടു നയിച്ച പ്രധാന ഘടകം കോമഡിയായിരുന്നു. സിദ്ദിഖ്- ലാൽ ഒരുക്കിയ 'ഗോഡ്ഫാദർ" തുടർച്ചയായി 404 ദിവസമാണ് ഒരു തിയേറ്ററിൽ കളിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമയായ 'ചിത്രം" ആണ് രണ്ടാമത്. 366 ദിവസമാണ് ഈ സിനിമ തുടർച്ചയായി പ്രദർശിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളെടുത്താൽ ഗുരുവായൂരമ്പലനടയിൽ, ജയ ജയ ജയഹേ, പ്രേമലു തുടങ്ങിയ പടങ്ങളിൽ 'സിറ്റുവേഷൻ കോമഡി" വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കാണാം. അതിനപ്പുറത്തേക്ക് കടക്കാനായിട്ടില്ല. സ്ലാപ്സ്റ്റിക് കോമഡി മലയാളത്തിൽ കാണാനേയില്ല. അത്തരം കോമഡി സിനിമ ഒരുക്കിയെടുത്ത് അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. എടുത്തു കഴിഞ്ഞാൽ കളക്ഷൻ വാരുമെന്നുറപ്പ്. കാരണം എല്ലാ ടെൻഷനിൽ നിന്നും മാറി, തിയേറ്ററിൽ വരുന്നവർ പേടിക്കുന്നതിനെക്കാളും ഇഷ്ടപ്പെടുന്നത് ചിരിക്കാനാണ്.
കോമഡി കണ്ടാൽ കുട്ടികൾ കുടെകുടെ ചിരിക്കും. ആ ചിരി മതി, ഒപ്പമുള്ളവരും ചിരിക്കാൻ. അല്ലാതെ പൈശാചികമായ സീനുകൾ കുത്തിനിറച്ച സിനിമകൾ കാണാൻ കുട്ടികളെ കൊണ്ടുപോയാൽ അവർ പേടിക്കും. അത് കുഞ്ഞു മനസുകളുടെ മാനസിക നിലയെ തന്നെ ബാധിക്കും. ശുദ്ധമായ കോമഡി നിറഞ്ഞു നിൽക്കുന്ന സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, സിദ്ദിഖ്– ലാൽ, റാഫി– മെക്കാർട്ടിൻ തുടങ്ങിയവരുടെ സിനിമകൾ കാണുന്ന പുതിയ തലമുറ അതാസ്വദിച്ച് ചിരിക്കുന്നുണ്ട്. കോമഡിയുണ്ടാകാത്തതിന് കാരണം പ്രേക്ഷകരുടെ തലമുറമാറ്റമല്ല കാരണമെന്ന് വ്യക്തം.
(തുടരും )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |