മലപ്പുറം: ബ്രോയിലർ കോഴി വില ചിറകടിച്ച് ഉയരുമ്പോഴും വളർത്തുകൂലിയായി ഫാമുകൾക്ക് ലഭിക്കുന്നത് നാമമാത്രമായ തുക. ജില്ലയിലെ ഫാമുകളിൽ ഭൂരിഭാഗവും കരാർ വളർത്തൽ കേന്ദ്രങ്ങളാണ്. തമിഴ്‌നാട്ടിലെ വൻകിട ഫാമുകൾ ഉൾപ്പെടെ ജില്ലയിൽ കമ്മിഷൻ വ്യവസ്ഥയിൽ വ്യാപകമായി കോഴികളെ വളർത്തുന്നുണ്ട്. കോഴിക്കുഞ്ഞിനെ 40- 45 ദിവസം പരിചരണമേകി വളർത്തിയാൽ കൂലിയായി ലഭിക്കുന്നത് കിലോയ്ക്ക് ഏഴ് മുതൽ 8 രൂപ വരെയാണ്. കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ഫാമുകൾക്ക് നൽകുന്നുണ്ടെങ്കിലും നിലത്ത് വിരിക്കാനുള്ള ചകിരിച്ചോർ, വൈദ്യുതി, വെള്ളം എന്നിവ ഒരുക്കേണ്ട ഉത്തരവാദിത്വം ഫാമുകൾക്കാണ്.
ഒരുകോഴി ശരാശരി രണ്ട് കിലോ തൂക്കമാണ് ഉണ്ടാവുക. കിലോയ്ക്ക് ഏഴ് രൂപ ലഭിച്ചാൽ ആയിരം കോഴികളെ വളർത്തി നൽകുമ്പോൾ 14,000 രൂപയാണ് വളർത്തുകൂലിയായി ലഭിക്കുക. ചെലവുകൾ കിഴിച്ചാൽ കൂലി പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഒരുചാക്ക് ചകിരിച്ചോറിന് 250 രൂപയാണ് വില. ആയിരം കോഴികളെ വളർത്തുന്നതിന് 20 ചാക്ക് ചകിരിച്ചോർ വേണം. ഇതിന് തന്നെ 5,200 രൂപയാവും. വൈദ്യുതി ചാർജ്ജായി ശരാശരി 2,000- 2,500 രൂപ നൽകേണ്ടിവരും. ഒരുബാച്ച് കോഴികളെ വളർത്തിയാൽ 20 ദിവസം കഴിഞ്ഞതിന് ശേഷമേ പുതിയ ബാച്ച് കോഴി കുഞ്ഞുങ്ങളെ ഫാമുകളിൽ വളർത്താറുള്ളൂ. ഇതുകൊണ്ടുതന്നെ മിക്കവർക്കും വർഷത്തിന് അഞ്ച് ബാച്ചുകളെ വളർത്താനെ സാധിക്കാറുള്ളൂ. ഇതിനൊപ്പം ഫാമുകളുടെ അറ്റകുറ്റപ്പണി കൂടി വന്നാൽ കടക്കെണിയിലാവും.
സ്വന്തമായി കോഴിയെ വളർത്താൻ ലക്ഷ്യമിട്ടാണ് മിക്കവരും ഫാമുകൾ ആരംഭിച്ചത്. കോഴി വിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലം നഷ്ടത്തിലായതോടെ ആണ് ജില്ലയിലെ നല്ലൊരു പങ്ക് ഫാമുകളും കരാർ വളർത്തലിലേക്ക് തിരിഞ്ഞത്. ഗൾഫിൽ സ്വദേശിവത്ക്കരണം ശക്തമായതോടെ തിരിച്ചെത്തിയ പ്രവാസികളാണ് ജില്ലയിൽ കോഴി ഫാം മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ഏറെയും.
പൂർണ്ണമായും തമിഴ്‌നാട്ടിലെ വൻകിട ഫാമുകൾ നിയന്ത്രിച്ചിരുന്ന വിപണിയിലേക്ക് ജില്ലയിൽ നിന്നടക്കം കൂടുതൽ ഫാമുകൾ രംഗത്തുവന്നതോടെ കോഴിയിറച്ചിയുടെ കാര്യത്തിൽ സ്വയംപര്യാപ്തതയുടെ അടുത്തെത്തിയിരുന്നു. സീസൺ ലക്ഷ്യമിട്ട് കോഴി വില കുത്തനെ കൂട്ടുന്ന തമിഴ്‌നാട് ലോബിയുടെ ശ്രമങ്ങൾക്ക് ഒരുപരിധി വരെ തടയിടാനുമായി. ഇതോടെയാണ് കോഴിക്കുഞ്ഞുങ്ങളുടെ വില കൂട്ടിയും കേരളത്തിൽ ഉത്പാദനം കൂടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വില കുറച്ചും നിരന്തരം കേരളത്തിലെ ഫാമുകളെ തകർക്കാൻ ശ്രമം തുടങ്ങിയത്. ഇതിൽ വൻകിട കമ്പനികൾ വിജയിച്ചെന്നാണ് കരാർ വളർത്തൽ ഫാമുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
സമരം വിനയായേക്കും
വളർത്തുകൂലി വർദ്ധനവ് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ തമിഴ‌്നാട്ടിലെ കരാർ ഫാമുകൾ സമരത്തിലാണ്. കിലോയ്ക്ക് ആറ് രൂപയെന്നത് 20 രൂപയാക്കണമെന്നാണ് ആവശ്യം. ക്രിസ്മസ്, പുതുവത്സര സീസണിനൊപ്പം സമരം മുൻനിറുത്തിയുള്ള പ്രചാരണവും കോഴി വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. റംസാൻ നോമ്പ് മുന്നിലെത്തിയ സാഹചര്യത്തിൽ കോഴി വില കാര്യമായി കുറയാനുള്ള സാദ്ധ്യത കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |