
മുംബയ്: ലോക ക്രിക്കറ്റിലെ വമ്പൻമാരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവൻശിയുടെ ബാറ്റിൽ നിന്നും പിറക്കുന്നത്. 15വയസ് തികയാൻ മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കേ, അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ നിരവധി ലോക റെക്കാഡുകളാണ് താരം സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടർ19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 74 പന്തിൽ 127 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതോടെ യൂത്ത് ഏകദിനങ്ങളിൽ 15വയസിന് മുമ്പ് മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും വൈഭവിന്റെ പേരിലായി. പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കാഡാണ് വൈഭവ് ഭേദിച്ചത്. ലോകത്തിൽ വൈഭവും ബാബറും മാത്രമാണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം ആരോൺ ജോർജുമായി ചേർന്നാണ് വൈഭവ് ചരിത്രപരമായ നേട്ടം സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 227 റൺസാണ് കൂട്ടിച്ചേർത്തത്.

അണ്ടർ-19 ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനെന്ന റെക്കാഡും ഇതോടെ വൈഭവ് സ്വന്തമാക്കി. 13ാം വയസിൽ തന്നെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി വൈഭവ് ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു. ഐപിഎൽ കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറികളടക്കം റെക്കാഡുകളുടെ പെരുമഴയാണ് ഈ 14കാരനിൽ നിന്നും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.
അടുത്തിടെ നടന്ന അണ്ടർ19 ഏഷ്യ കപ്പിൽ 50ലേറെ ശരാശരിയിലും 182 സ്‌ട്രൈക്ക് റേറ്റിലും 262 റൺസാണ് താരം അടിച്ചുകൂട്ടിയത്. യുഎഇക്കെതിരെ 95 പന്തിൽ 171 റൺസ് നേടിയപ്പോൾ അണ്ടർ-19 ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും വൈഭവിന്റെ പേരിലാണ്. ജനുവരി 15ന് സിംബാബ്‌വെയിൽ ആരംഭിക്കുന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പിന് വൈഭവിന്റെ ഫോം വലിയ കരുത്താകും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയെയാണ് നേരിടുന്നത്. ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്നതും ഈ 14കാരനെയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |