
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ ഭീഷണി നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. വെനസ്വേലയിലെ അധിനിവേശത്തിനു ശേഷം ഭൗമ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന ബിൽ അണിയറയിൽ ഒരുങ്ങുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് പ്രതികാര നടപടി. ഇതോടെ രാജ്യത്തെ ഓഹരി നിക്ഷേപകർ കടുത്ത ആശങ്കയിലായി. നാല് ദിവസമായി ഇന്ത്യൻ ഓഹരികൾ തുടർച്ചയായി നഷ്‌ടത്തിൽ നീങ്ങുകയാണ്.
വില്പന സമ്മർദ്ദം കടുത്തതോടെ സെൻസെക്‌സ് ഇന്നലെ 780.12 പോയിന്റ് നഷ്‌ടവുമായി 84,180.96ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 263.90 പോയിന്റ് ഇടിഞ്ഞ് 25,876.85ൽ എത്തി. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ഐ.ടി മേഖലകളിലെ ഓഹരികളാണ് ഇന്നലെ കനത്ത വില്പന സമ്മർദ്ദം നേരിട്ടത്. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഹിണ്ടാൽകോ, ജെ.എസ്.ഡബ്‌ള്യു സ്‌റ്റീൽ എന്നിവയാണ് ഇന്നലെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്
വെല്ലുവിളികൾ
1. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ഉയരുന്നു
2. ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്ന് താഴേക്ക് നീങ്ങുന്നു
3. മൂന്നാം പാദത്തിൽ കമ്പനികളുടെ പ്രവർത്തന ഫലത്തിലെ ആശങ്ക
4. സാമ്പത്തിക അനിശ്ചിതത്വങ്ങൾ നാണയപ്പെരുപ്പ ഭീഷണി ഉയർത്തുന്നു
വിദേശ നിക്ഷേപ പിന്മാറ്റം ശക്തം
പുതുവർഷത്തിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ വിൽപ്പന തുടരുകയാണ്. വിദേശ നിക്ഷേപകർ ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ 1,527 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ജനുവരി മാസം ഇതുവരെ മൊത്തം 5,760 കോടി രൂപ വിദേശ ഫണ്ടുകൾ പിൻവലിച്ചു. കഴിഞ്ഞ വർഷം വിദേശ ഫണ്ടുകൾ 1.64 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്.
നിക്ഷേപകരുടെ വിപണി മൂല്യത്തിലെ ഇന്നലെയുണ്ടായ നഷ്‌ടം
8.4 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |