SignIn
Kerala Kaumudi Online
Tuesday, 24 February 2026 2.44 AM IST

ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്കിൽ 590 കോടി രൂപയുടെ തട്ടിപ്പ്

Increase Font Size Decrease Font Size Print Page
bank

ബാങ്കിന്റെ ഓഹരി വില തകർന്നടിഞ്ഞു

കൊച്ചി: ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്കിന്റെ ചണ്ടിഗഡ് ശാഖയിലെ 590 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ ഓഹരി വിലയിൽ കനത്ത തകർച്ച. ഇന്നലെ മാത്രം ബാങ്കിന്റെ വിപണി മൂല്യത്തിൽ 14,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഒരവസരത്തിൽ ഇരുപത് ശതമാനം വരെ ഇടിഞ്ഞ ഓഹരി വില വ്യാപാരാന്ത്യത്തിൽ 14 ശതമാനം നഷ്‌ടത്തോടെ 70.4 രൂപയിൽ എത്തി.

ഹരിയാന സർക്കാരിന്റെ വിവിധ അക്കൗണ്ടുകളിൽ ബാങ്കിന്റെ സ്‌റ്റാഫ് അനധികൃതമായി ഇടപാടുകൾ നടത്തിയതിലൂടെ ഡെപ്പോസിറ്റുകളുടെ കണക്കിൽ 590 കോടി രൂപയുടെ പൊരുത്തക്കേടാണ് കണ്ടെത്തിയത്. അക്കൗണ്ട് ക്ളോസ് ചെയ്യാനായി സർക്കാർ ഉദ്യാേഗസ്ഥർ ബാലൻസ് പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്. അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ചതോടെ ചണ്ടിഗഡ് ശാഖയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇതോടെ ഫോറൻസിക് ഓഡിറ്റ് നടത്താൻ കെ.പി.എം.ജിയെ ബാങ്ക് മാനേജ്‌മെന്റ് ചുമതലപ്പെടുത്തി.

സിസ്‌റ്റം തകരാറല്ലെന്ന് റിസർവ് ബാങ്ക്

ഐ.ഡി.എഫ്.സി ബാങ്കിലെ തട്ടിപ്പ് ചാണ്ടിഗഡ് ശാഖയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണെന്നും സിസ്‌റ്റത്തിന്റെ തകരാറല്ലെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

ബാങ്കിംഗ് തട്ടിപ്പ് തുടർക്കഥ
1. യെസ് ബാങ്ക്: ദിവാൻ ഹൗസിംഗ് ഫിനാൻസ് പ്രൊമോട്ടർമാരുമായി ഗൂഡാലോചന നടത്തി 3,700 കോടി രൂപ കടപ്പത്രങ്ങളിൽ അനധികൃതമായി നിക്ഷേപിച്ചതിന് യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ 2020ൽ അറസ്റ്റിലായി. നിക്ഷേപത്തിന് 600 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിങ്ങലിലായതോടെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് റിസർവ് ബാങ്ക് പിരിച്ചുവിട്ടു.

2. സിറ്റി ബാങ്ക് : 2011ൽ ഗുർഗാവിലെ സിറ്റി ബാങ്ക് റിലേഷൻ ഷിപ്പ് മാനേജർ അതിസമ്പന്നരായ ഉപഭോക്താക്കളെ തട്ടിപ്പു സ്‌കീമുകളിൽ ചേർത്ത് 400 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതിനെ തുടർന്ന് നിരവധി ഉദ്യോഗസ്ഥർ അറസ്റ്റിലായി. സിറ്റി ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പിഴയാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയത്.

3. പഞ്ചാബ് നാഷണൽ ബാങ്ക്: നിരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങൾക്ക് 2018ൽ മതിയായ ഈടില്ലാതെ നൽകിയ 13,000 കോടി രൂപ കിട്ടാക്കടമായതോടെയാണ് റിസർവ് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ നടപടിയെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിലൊന്നാണിത്. ബാങ്ക് ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് നടത്തിയ തട്ടിപ്പ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവന്നത്.

4. ബാങ്ക് ഒഫ് ബറോഡ: ന്യൂഡൽഹിയിലെ അശോക് വിഹാർ ശാഖയിൽ നിന്ന് ഹോങ്കാേംഗിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 6,000 കോടി രൂപ അനധികൃതമായ അയച്ച് വിദേശ നാണയ തട്ടിപ്പ് നടത്തിയത് 2015ലാണ് കണ്ടെത്തിയത്. രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കേസിൽ അറസ്റ്റിലായി.

5. ഐ.സി.ഐ.സി.ഐ ബാങ്ക്: 2009 മുതൽ 2012 വരെയുള്ള കാലയളവിൽ വീഡിയോകോൺ ഗ്രൂപ്പിന് അനധികൃതമായി 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ചന്ദ കൊച്ചാർ അറസ്റ്റിലായിരുന്നു. വീഡിയോകോണിന്റെ വേണുഗോപാൽ ധൂത് ചന്ദകൊച്ചാറിന്റ ഭർത്താവിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.