
കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ജെയിൻ സർവകലാശാലയുടെ 'ഫ്യൂച്ചർ കേരള മിഷൻ' സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം 'ഹയാക്കോൺ 1.0' കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കുളവാഴയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.കൊൽക്കത്ത പോലുള്ള ഇടങ്ങളിൽ കുളവാഴ ഉയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്നുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുവായി കുളവാഴയെ മാറ്റിയാൽ പുതിയ ഉപജീവനമാർഗ്ഗങ്ങൾ തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ കുളവാഴ ഉയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ നിർമ്മിക്കുന്നതിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള പറഞ്ഞു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുളവാഴ മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.
ഹൈബി ഈഡൻ എം.പി , ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാൻസിലർ പ്രൊഫ. ഡോ ജെ.ലത എന്നിവർ സംസാരിച്ചു.
കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും അനുബന്ധ യന്ത്രസാമഗ്രികളുടെയും പ്രദർശനം ബംഗ്ലാദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ള ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇന്ന് രാവിലെ 10ന് കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. മുഹമ്മദ് റിയാസ് ഹമീദുള്ള, ദക്ഷിണാഫ്രിക്കൻ എംബസി പ്രതിനിധി ഖാത്തുഷെലോ തഗ്വാന തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ഹരിതകേരളം മിഷൻ പ്രതിനിധി സഞ്ജീവൻ എസ്.യു, ആലപ്പുഴ എസ്.ഡി കോളേജിലെ ഡോ. ബിന്ദു, കണ്ണൂർ ഫെറി ട്രസ്റ്റിലെ ഡോ. റോജിത്ത് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |