
തിരുവനന്തപുരം: സ്വർണപണയവായ്പയ്ക്ക് സൗജന്യപലിശനിരക്കോടെ പ്രത്യേക ക്യാമ്പയിൻ '100ഗോൾഡൻ ഡെയ്സ്" പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 10000കോടി രൂപയ്ക്ക് മേൽ സ്വർണപണയ വായ്പാനേട്ടം കൈവരിച്ച് കേരള ബാങ്ക്. ഇതോടെ സ്വർണവായ്പയിൽ സംസ്ഥാനത്തെ ബാങ്കുകളിൽ നാലാം സ്ഥാനത്ത് കേരള ബാങ്ക് എത്തി. നേരത്തെ ആകെ ബിസിനസ് 1.25 ലക്ഷം കോടി രൂപയുള്ള കേരള ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
ഒരു ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പ 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രം എന്ന വാഗ്ദാനവുമായി കഴിഞ്ഞ ഡിസംബർ 22നാണ് ക്യാമ്പയിൻ തുടങ്ങിയത്. മാർച്ച് 31 വരെയുള്ള നൂറു ദിവസത്തേക്കാണിത്. 2025 ഒക്ടോബർ 31ന് അവസാനിച്ച സമാനമായ പാക്കേജിൽ 2701 കോടി രൂപയുടെ വർദ്ധനവ് നേടിയിരുന്നു. തുടർന്നാണ് ഡിസംബറിൽ പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
10,000കോടിരൂപയുടെ നേട്ടം പ്രതിപാദിക്കുന്ന പോസ്റ്റർ ബാങ്ക് പ്രസിഡന്റ് പി.മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ റോയിഎബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |