
തൃശൂർ: ദർശനം സമൂഹത്തിന് സമർപ്പിച്ച ശേഷം മറ്റ് ആചാര്യന്മാർ ധ്യാനത്തിന്റെയും മൗനത്തിന്റെയും പാതയിലേക്ക് പിൻതിരിഞ്ഞപ്പോൾ ശ്രീനാരായണ ഗുരു കാലത്തിനും ലോകത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിച്ച് നേർവഴിക്ക് നയിച്ചെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ഗുരുദേവൻ സ്ഥാപിച്ച ധർമ്മസംഘത്തിന്റെ 99ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രസന്നിധിയിൽ ശ്രീനാരായണ ഭക്തപരിപാലന യോഗവും ഗുരുധർമ്മ പ്രചാരണ സഭയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പല ആചാര്യന്മാരുടെയും ദർശനം വിശ്വാസ സമൂഹത്തിന്റെ ആദ്ധ്യാത്മിക ഔന്നത്യത്തിൽ ഒതുങ്ങിനിൽക്കുകയോ ബുദ്ധിജീവികളുടെ ബുദ്ധിവ്യായാമത്തിന് വേണ്ടി ഉപയോഗിക്കുകയോ ചെയ്യുന്നു. എന്നാൽ, സമസ്ത മേഖലകളിലും സത്യദർശനമെത്തിച്ച് ദിശാബോധമുള്ള സമൂഹം സൃഷ്ടിക്കാനാണ് ഗുരു ശ്രമിച്ചത്. ഗുരുവിന്റെ ജീവിത, ദാർശനിക മഹത്വം തിരിച്ചറിയണം. ഗുരുദേവൻ ഭൗതിക ശരീരം ഉപേക്ഷിച്ച് ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോൾ ആ പ്രബോധനങ്ങളെ എത്രമാത്രം സ്വാംശീകരിക്കാൻ കഴിഞ്ഞെന്ന് ആത്മപരിശോധന നടത്തണം. കോട്ടം സംഭവിച്ചെങ്കിൽ നേട്ടങ്ങളുടെ പന്ഥാവിലേക്ക് സഞ്ചരിക്കാൻ കഴിയുന്നതാകണം വരുന്ന ശതാബ്ദി ആഘോഷങ്ങളും ആചരണങ്ങളുമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു..
ധർമ്മസംഘം മുൻ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവൻ ധർമ്മ സംഘം രൂപീകരിച്ച പ്ലാവിൻ ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ സ്വാമി ചൈതന്യാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അഭയാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ധർമ്മാനന്ദ, സ്വാമി ഗുരുപ്രഭാനന്ദ, സ്വാമി ഗുരുകൃപാനന്ദ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ആത്മപ്രസാദ്, സ്വാമി ദേവാത്മാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരും എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ടി.കെ.സന്തോഷ്, മാതൃസമിതി കോ-ഓർഡിനേറ്റർ അഡ്വ. അജിത സന്തോഷ്, ജില്ലാ രക്ഷാധികാരി കെ.ഡി.വേണുഗോപാൽ, സിനി ആർട്ടിസ്റ്റ് ദേവൻ, രാജേഷ് സഹദേവൻ എന്നിവരും പങ്കെടുത്തു.എസ്.എൻ.ബി.പി യോഗം സെക്രട്ടറി മുകുന്ദൻ കുരുമ്പേപ്പറമ്പിൽ സ്വാഗതവും ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |