
ന്യൂഡൽഹി: വിദേശ ഇനങ്ങളെ ധാരാളം ഇറക്കുമതി ചെയ്യുന്നതാണ് തെരുവു നായ്ക്കൾ വർദ്ധിക്കാൻ കാരണമെന്ന് സുപ്രീംകോടതിയിൽ വാദിച്ച് മൃഗസ്നേഹികൾ. എന്നാൽ, ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്യുന്നതിനെതിരെയും വിമർശനം ഉയർന്നേക്കാമെന്നും പ്രാദേശിക ഇനങ്ങളെ എന്തുകൊണ്ട് പരിപാലിക്കുന്നില്ലെന്ന് ആക്ഷേപം വരാമെന്നും പരിഹാസരൂപേണ കോടതിയുടെ മറുപടി.
മൃഗാവകാശ പ്രവർത്തകയായ മുതിർന്ന അഭിഭാഷക മഹാലക്ഷ്മി പവാനിയാണ് നായ്ക്കളുടെ ഇറക്കുമതി വിഷയം ഉന്നയിച്ചത്. നിലവിലുള്ള കേസിൽ ഈ വിഷയം വരുന്നില്ലെന്നും മറ്റ് കാര്യങ്ങൾ കൊണ്ടുവരരുതെന്നും കോടതി ഒാർമ്മപ്പെടുത്തി. നായ ഇറക്കുമതിയിലും പ്രജനനത്തിലും പ്രശ്‌നമുണ്ടെങ്കിൽ നിയമപരമായി നേരിടാം. കോടതി പരിഗണിക്കുന്നത് തെരുവുനായ പ്രശ്‌നമാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി.അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തെരുവുനായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിൽ 13നും വാദം തുടരും. കോടതി ഉത്തരവിന്റെ മറവിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന സ്‌ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും അപമാനകരമായ വാക്കുകൾ നേരിടുന്നുണ്ടെന്നും മഹാലക്ഷ്മി പവാനി ശ്രദ്ധയിൽപെടുത്തി. കോടതിയും ഇത്തരം അപമാനത്തിന് വിധേയമാകുന്നുണ്ടെന്നും അതിന് ആർക്കും ലൈസൻസ് ഇല്ലെന്നും നടപടിയെടുക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീകളെ ആക്രമിക്കുന്നുണ്ടെങ്കിൽ എഫ്.ഐ.ആർ ഫയൽ ചെയ്യണം. ഹൈക്കോടതിയെ സമീപിക്കണമെന്നും വ്യക്തമാക്കി.
'നായ്ക്കൾ പ്രശ്നമുണ്ടാക്കും'
എല്ലാ തെരുവുനായ്‌ക്കളും അപകടകാരികളല്ലെന്ന നടി ഷർമ്മിളാ ടാഗോറിന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി. എയിംസ് ക്യാമ്പസിൽ വർഷങ്ങളായി കഴിയുന്ന 'ഗോൾഡി' എന്ന നായയെ പരാമർശിച്ചായിരുന്നു വാദം. യഥാർത്ഥ്യം മനസിലാക്കണമെന്നും ആശുപത്രികളിൽ കഴിയുന്ന നായ്ക്കളെ മഹത്വവത്കരിക്കരുതെന്നും കോടതി പ്രതികരിച്ചു. എയിംസിലെ നായയെ ആശുപത്രി ഓപ്പറേഷൻ തിയേറ്ററിലും കൊണ്ടുപോയിരുന്നോ. തെരുവിലിറങ്ങുന്ന ഏതൊരു നായയും പ്രശ്‌നമുണ്ടാക്കും. ഇവ ആശുപത്രിയിൽ കയറിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.
യാഥാർത്ഥ്യ ബോധത്തോടെ
വാദിക്കണം
കടിക്കുന്ന നായ്ക്കളെ തിരിച്ചറിയാൻ ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിൽ കളർ കോഡിംഗ് കോളറുകൾ ഘടിപ്പിക്കുന്നുണ്ടെന്ന് നടി ഷർമ്മിളാ ടാഗോറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്നുചോദിച്ച കോടതി യാഥാർത്ഥ്യ ബോധത്തോടെ വാദിക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |