
വളരെ ദീർഘിച്ച വർഷങ്ങൾക്കു മുമ്പ് വനo വകുപ്പ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത വി. ശിവദാസ്, തന്റെ ഔദ്യോഗിക കാലത്തെ അവിശ്വസനീയമായ അനുഭവങ്ങൾ രോഗശയ്യയിൽ കിടക്കവേ ഓർമ്മക്കുറിപ്പുകളാക്കി. പക്ഷേ, ആ കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധികരിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി 1977-ൽ അദ്ദേഹം മരണമടഞ്ഞു. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മക്കൾ ആ കുറിപ്പുകൾ കണ്ടെടുക്കുകയും, മൂത്ത മകളും ആന്ധ്രാ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയുമായ സത്യഭായി ശിവദാസ് അവതാരിക എഴുതി
പ്രസിദ്ധീകരിക്കുകയും ചെയ്ത പുസ്തകമാണ് 'വനജീവിത സ്മരണകൾ."
മക്കൾ അച്ഛന്റെ കാൽക്കൽ അർപ്പിക്കുന്ന അത്യന്തം സൗരഭ്യമുള്ള ഒരു പനിനീർപുഷ്പം തന്നെയാണ് ഈ പുസ്തകം. പിതൃസ്നേഹവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പരിശുദ്ധിയും വിളിച്ചോതുന്ന ഈ പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ തോന്നുമാറ് ആസ്വാദ്യമാണ് എന്ന് പറയാതെ വയ്യ. 1946-ൽ കോയമ്പത്തൂർ ഫോറസ്റ്റ് കോളേജിലെ രണ്ടു വർഷത്തെ ബ്രിട്ടീഷ് രീതിയിലുള്ള കഠിന പരിശീലനവും, വിവിധ പ്രദേശങ്ങളിൽ ഫോറസ്റ്റ് റെയിഞ്ചർ ഓഫീസറായുള്ള സാഹസികത നിറഞ്ഞ വനജീവിതവും വായനക്കാരിൽ കൗതുകം ജനിപ്പിക്കും.
വനം വകുപ്പിലെ പ്രവർത്തനങ്ങൾക്കൊപ്പം കാട്ടിലെ പല അനുഭവങ്ങളും ഇതിൽ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യനും വന്യമൃഗങ്ങളും പ്രകൃതിയുമാണ് ഇതിലെ കഥാപാത്രങ്ങൾ. ധൈര്യം, ഭയം, ക്രൂരത, മരണം ഭീതി, സ്നേഹം,ശൃംഗാരം, ശാന്തത, ഹാസ്യം, ഈശ്വര വിശ്വാസം തുടങ്ങി അത്യന്തം വിഭിന്നങ്ങളായ വികാരങ്ങളും ഭാവങ്ങളും എഴുത്തിൽ ഉടനീളം അനുഭവപ്പെടും.
ആകർഷകമായ ശീർഷകങ്ങളിൽ, 19 അദ്ധ്യായങ്ങളിലായി കോർത്തിണക്കി മനോഹരമാക്കിയ ഒരു പുസ്തക സമർപ്പണമാണിത്.
ഇതിൽ, ഒരു പെരുമ്പാമ്പിനെ കണ്ടത്, കടുവ വേട്ട, ഓഫീസർ പുഴയിൽ വീണത്, നർഗീസിന്റെ പ്രണയം, കാട്ടാനയുടെ പുത്രവാത്സല്യം, തുടങ്ങിയ കുറിപ്പുകൾ അന്ത്യന്തം ഹൃദയാവർജ്ജകങ്ങളാണ്. കടുവയും ഓഫീസറും ഒരേ കുഴിയിൽ വീണ അത്യപൂർവ നിമിഷം വായനക്കാരിൽ അങ്ങേയറ്റം ഉദ്വേഗം ജനിപ്പിക്കുന്നു . കാട്ടാന, വനംവകുപ്പ് ഉദ്യോഗസ്ഥർ കിടന്നുറങ്ങിയ കൂടാരം പൊക്കി എറിഞ്ഞ സന്ദർഭം ശ്വാസമടക്കി മാത്രമേ വായിക്കാനാവൂ. കാട്ടാന വനപാലകന്റെ കോട്ടും കൊണ്ട് ഓടിയത് ചുണ്ടിൽ ചിരിയോടു കൂടിയല്ലാതെ വായിക്കാൻ സാധിക്കില്ല. ഇതിനിടയിൽ ആനയുടെ പ്രണയവും പുത്രവാത്സല്യവും മറ്റും കൗതുകമുണർത്തുന്നു.
തികച്ചും കർക്കശനും സത്യസന്ധനും ആയിരുന്ന ഒരു ഫോറസ്റ്റ് ഓഫീസർക്ക് കാട്ടുകള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും നേരിടേണ്ടിവന്ന പ്രശ്നങ്ങളും കുറിപ്പുകളിലെ പ്രതിപാദ്യ വിഷയമാണ്. ഏതു പ്രായക്കാർക്കും രസകരമായി വായിച്ചുപോകാവുന്ന പുസ്തകമാണ് മൈത്രി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വനജീവിത സ്മരണകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |