
തിരുവനന്തപുരം: വായന ലോകത്ത് എവിടെ മരിച്ചാലും കേരളത്തിൽ മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുസ്തകവായന മരിക്കുന്നുവെന്ന് കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. അത് തെറ്റാണെന്ന് ഇത്തരം പുസ്തമേളയിലെ ജനപ്രാതിനിധ്യം തെളിയിക്കുന്നു. 14 ജില്ലകളിലും നടക്കുന്ന സാഹിത്യോത്സവങ്ങളിലെ ജനപങ്കാളിത്തം കേരള സമൂഹത്തിൽ ആഴത്തിൽ വേരോടിയ വായനയുടെ ബലം കാണിച്ചുതരും. വെർച്ച്വൽ ലോകത്തിലും വായന ആഘോഷിക്കപ്പെടുകയാണ്. ഒരു കൃതി വായിക്കുമ്പോൾ ഒരു വ്യക്തിയുടെയോ, സമൂഹത്തിന്റെയോ ജീവിതത്തെ നാം അറിയുകയാണ്. ഈ അറിവ് എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നുമുള്ള വെളിച്ചമാണ് മനസിൽ നിറയ്ക്കുന്നത്. സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ല. എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.
നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് എൻ.എസ്. മാധവൻ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. ടി. പദ്മനാഭനുമായുള്ള ദീർഘ സംഭാഷണം പ്രതിപാദിക്കുന്ന കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിന്റെ പവിത്രം പത്മനാഭം, കെ.വി. സുധാകരൻ എഴുതിയ വി. എസ്: സമരം, ചരിത്രം, ഇതിഹാസം, കെ.ടി. ജലീൽ എം.എൽ.എ രചിച്ച അമേരിക്ക ടു മക്ക എന്നീ പുസ്തകങ്ങൾ സ്പീക്കർ എ.എൻ. ഷംസീറിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടിവരുന്ന കെട്ട കാലത്ത് വായനയിലൂടെയാണ് പ്രതിരോധം തീർക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു.
പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ, ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില എം.പി, മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ. ജയരാജ്, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |