തിരുവനന്തപുരം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പേട്ട പൊലീസ് കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ പരിമണം സ്വദേശി മണികണ്ഠൻ, ഇയാളുടെ കൈയിൽ നിന്നു ബൈക്ക് വാങ്ങി പൊളിച്ചു വിൽക്കാൻ ശ്രമിച്ച ഓച്ചിറ ക്ലാപ്പന സ്വദേശി ഷാജഹാൻ എന്നിവരെയാണ് പൊലീസ് വിദഗ്ദ്ധമായി പിടികൂടിയത്. ഫെബ്രുവരി 11നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള പാർക്കിംഗ് സ്ഥലത്തുനിന്നു തമിഴ്നാട് സ്വദേശിയായ ഷിനുമോന്റെ ബൈക്ക് മോഷണം പോയത്. പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കുമായി പ്രതി ശക്തികുളങ്ങര ഭാഗത്തു കറങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. തുടർന്ന് പൊലീസ് സംഘം രാത്രിയോടെ ചവറയിൽ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പേട്ട സ്‌റ്റേഷനിൽ എത്തിച്ചു. എസ്.ഐ സുമേഷ് വി, സി.പി.ഒ.മാരായ ശ്യാം പങ്കജ്, ഷാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |