കൊല്ലം: ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ഗണഗീതം പാടിയതിനെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ തൃക്കടവൂർ ഈസ്റ്റ് മേഖല സെക്രട്ടറി അനന്തു വി.ശ്രീധറിന്റെ തൃക്കടവൂരിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. സിറ്റ്ഔട്ടിന്റെ ജനാലകളും അവിടെ ഉണ്ടായിരുന്ന രണ്ട് കസേരകളും അടിച്ചുതകർത്തു. ഇലക്ട്രിക് സ്കൂട്ടറും ബൈക്കും മറിച്ചിട്ട് ഗ്ലാസുകൾ തകർത്തു. സംഭവം നടക്കുമ്പോൾ അനന്തുവും അമ്മയും അച്ഛാമ്മയും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് അനന്തു പുറത്തിറങ്ങിയപ്പോൾ നാല് പേർ ഓടിപ്പോകുന്നതായി കണ്ടു. അനന്തുവിന്റെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ പരിപാടിയുടെ ഭാഗമായി 23ന് നടന്ന ഗാനമേളയിൽ ആർ.എസ്.എസിന്റെ ഗണഗീതം പാടിയതിനെതിരെ കഴിഞ്ഞ ദിവസം അനന്തു ദേവസ്വം ബോർഡ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെെ വൈരാഗ്യത്തിലാകാം ആക്രണമെന്നും ആർ.എസ്.എസ് ആണ് പിന്നിലെന്നും അനന്തു ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |