
കൊല്ലം: യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ളയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
എം.എൽ.എ ഓഫീസിനുസമീപം സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിനും തള്ളിനുമിടയാക്കി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. വേണുവിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുക, വേണുവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. അനന്തകൃഷ്ണൻ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, മണ്ഡലം സെക്രട്ടറി മനോജ് പന്തവിള, യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് പട്ടത്താനം, അനൂപ് പട്ടത്താനം, ജോയിമോൻ, റിനോദ് ഷാ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |