
സാമ്പത്തിക ഭദ്രതയോടുകൂടി പുതുവർഷം ആരംഭിക്കാൻ മിക്കവരും നിരവധി നിക്ഷേപപദ്ധതികളിൽ ചേരാൻ ആലോചിക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് സുവർണാവസരം വന്നെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ എല്ലാ ഗ്യാരന്റിയോടുകൂടിയും നിങ്ങൾക്ക് പോസ്റ്റോഫീസിന്റെ ആവർത്തന നിക്ഷേപ പദ്ധതിയായ റെക്കറിംഗ് ഡിപ്പോസിറ്റിൽ (ആർഡി) ചേരാവുന്നതാണ്. ആർഡിയെക്കുറിച്ച് കൂടുതലറിയാം.
നിങ്ങളുടെ നിക്ഷേപം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ. വെറും 100 രൂപ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് ആർഡിയുടെ ഭാഗമാകാവുന്നതാണ്. നിലവിൽ അഞ്ച് വർഷത്തെ ആർഡി നിക്ഷേപങ്ങൾക്ക് 6.70 ശതമാനം വാർഷിക പലിശയാണ് സർക്കാർ നൽകുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതിയായതിനാൽ നിങ്ങളുടെ നിക്ഷേപം പൂർണമായും സുരക്ഷിതമായിരിക്കും.
ദിവസവും 400 രൂപ വീതം ലാഭിക്കുകയാണെങ്കിൽ, ഒരു മാസം നിങ്ങൾക്ക് 12,000 രൂപ ആർഡിയിൽ നിക്ഷേപിക്കാൻ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം അഞ്ച് വർഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. ഇത്തരത്തിൽ പത്ത് വർഷം കഴിയുമ്പോൾ പലിശ ഇനത്തിൽ മാത്രം ആറ് ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോൾ നിങ്ങളുടെ കൈയിൽ ഏകദേശം 20,50,248 രൂപയെത്തും.
ആനുകൂല്യങ്ങൾ
ആർഡി അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാൽ നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പയായി എടുക്കാൻ സാധിക്കും. അക്കൗണ്ട് തുടങ്ങി മുന്ന് വർഷത്തിനുശേഷം നിബന്ധനകൾക്ക് വിധേയമായി നിക്ഷേപം പിൻവലിക്കാനും സാധിക്കും. നിക്ഷേപകൻ ഇല്ലെങ്കിൽ നോമിനിക്ക് തുക കൈപ്പറ്റാനോ നിക്ഷേപം തുടരാനോ സാധിക്കും. മുതിർന്നവർക്കും പത്ത് വയസിനുമുകളിലുള്ള കുട്ടികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാം. ചെറിയ നിക്ഷേപങ്ങൾ നടത്തി ഭാവിയിൽ മികച്ച ലാഭം നേടിയെടുക്കാൻ പോസ്റ്റോഫീസ് പദ്ധതികൾ ഏറെ സഹായകരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |