
ഗുരുവായൂർ: പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ട് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ സ്റ്റീൽ കവാടം ഇടിച്ച് തകർത്തു. നടപ്പുരയിലൂടെ ഭക്തർ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. കോഴിക്കോട്ട് നിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കിഴക്കേ നടപ്പുരയിൽ വാഹന പൂജാച്ചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ടെടുത്തപ്പോഴാണ് ഗേറ്റിലിടിച്ചത്. ഗേറ്റ് തകർന്നുവീഴുകയും ചെയ്‌തു. കാറിന്റെ മുൻവശത്തിന് കേടുപാടുകൾ ഉണ്ടായി. തകർന്ന ഗേറ്റ് ശരിയാക്കി നൽകുമെന്ന് വാഹനയുടമ പറഞ്ഞു. ഇന്ന് രാവിലെ ദേവസ്വത്തിന്റെ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെ കണ്ട് അറ്റകുറ്റപ്പണിയുടെ ചെലവുതുക ദേവസ്വത്തിൽ അടയ്‌ക്കാമെന്ന് അവർ അറിയിച്ചു.
ഇന്നലെ വാഹനപൂജയ്‌ക്ക് നല്ല തിരക്കുണ്ടായിരുന്നു. 63 കാർ, 33 ഇരുചക്രവാഹനങ്ങളും ഓട്ടോയും, രണ്ട് ഹെവി വാഹനങ്ങൾ എന്നിങ്ങനെ 98 വാഹനങ്ങളായിരുന്നു പൂജയ്‌ക്ക് കൊണ്ടുവന്നത്. ഉച്ചവരെ നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. പൂജയ്‌ക്കുള്ള വാഹനങ്ങളുടെ നീണ്ട വരിതന്നെയുണ്ടായിരുന്നു. ഗതാഗത പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ഊഴമനുസരിച്ചുള്ള വണ്ടികളെ മാത്രമേ നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു. ബാക്കിയുള്ളവയെ പാർക്കിലേക്ക് മാറ്റിയിടാൻ നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കാർ ഗേറ്റിലിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |