ആലുവ: സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച കേബിളുകൾ അപകടക്കെണിയായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. നഗരത്തിലെയും ഗ്രാമങ്ങളിലെയും വൈദ്യുതി പോസ്റ്റുകളിലൂടെ വലിച്ചിട്ടുള്ള വലിയ കേബിളുകളാണ് അയഞ്ഞും പൊട്ടിയും വാഹന - കാൽനട യാത്രികർക്കെല്ലാം ദുരിതമാകുന്നത്.
അപകടങ്ങൾ പതിവായിട്ടും ബന്ധപ്പെട്ടവരാരും കേബിൾ ഉടമകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരത്തിൽ പാലസ് റോഡ്, ടൗൺഹാൾ, ബൈപ്പാസ് എന്നിവിടങ്ങളിലും ചൂർണിക്കര, എടയപ്പുറം ഭാഗങ്ങളിലുമെല്ലാം കേബിളുകൾ പൊട്ടി തൂങ്ങിക്കിടക്കുകയാണ്. അടുത്തിടെ സ്വകാര്യ ടെലിഫോൺ കമ്പനി സ്വന്തം നിലയിൽ ഇരുമ്പ് പൈപ്പിട്ട് കേബിൾ വലിക്കുന്നതിന് നടപടിയാരംഭിച്ചിട്ടുണ്ടെങ്കിലും വഴിയോരത്തെ കേബിളുകൾക്ക് കുറവൊന്നുമില്ല.
തദ്ദേശ സ്ഥാപനങ്ങൾ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി തുടങ്ങിയവയുടെയല്ലാം അനുമതിയോടെയാണ് സ്വകാര്യ കമ്പനികൾ കേബിളുകൾ വലിക്കുന്നത്. പുതിയ കേബിളുകൾ വലിക്കുമ്പോഴും ആവശ്യമില്ലാത്തത് നീക്കുന്നില്ല.
പത്രവിതരണക്കാരൻ കുടുങ്ങി
രണ്ടാഴ്ച മുമ്പ് ചൂർണിക്കരയിൽ അയഞ്ഞു കിടന്ന കേബിളിൽ കുരുങ്ങി വീണ പത്രവിതരണക്കാരൻ അപകടത്തിൽപ്പെടുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് ആലുവ അദ്വൈതാശ്രമത്തിന് സമീപം ഇരുചക്ര വാഹനയാത്രികനായ ചൊവ്വരയിലെ സ്കൂൾ അദ്ധ്യാപകനും കേബിളിൽ കുടുങ്ങി അപകടത്തിൽപ്പെട്ടിരുന്നു. ഓർമ്മശക്തിപോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും ഏറെകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് പെരുമ്പാവൂർ സ്വദേശിയായ അദ്ധ്യാപകൻ രക്ഷപ്പെട്ടത്.
സ്കൂളിന് മുമ്പിൽ കേബിളുകൾ തൂങ്ങിയ നിലയിൽ
നിരവധി സ്കൂളുകൾ പ്രവർത്തിക്കുന്നിടത്താണ് കേബിളുകൾ പൊട്ടിത്തൂങ്ങിയിട്ടുള്ളത്. അദ്വൈതാശ്രമത്തിന് എതിർവശം 100 മീറ്ററോളം ദൂരത്തിൽ കേബിൾ തൂങ്ങിയിട്ടുണ്ട്. ശിവഗിരി വിദ്യാനികേതൻ, സെന്റ് ഫ്രാൻസിസ് സ്കൂൾ, എസ്.എൻ.ഡി.പി സ്കൂൾ, സെന്റ് സേവ്യേഴ്സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പതിനായിരത്തോളം വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയാണിത്. കഴിഞ്ഞവർഷം സ്വകാര്യബാങ്കിലെ ജീവനക്കാരനും കേബിൾ കഴുത്തിൽ കുരുങ്ങി അപകടത്തിൽപ്പെട്ടിരുന്നു.
നടപ്പാലങ്ങളിലും കേബിളുകൾ
റെയിൽവേയ്ക്കും പെരിയാറിനും കുറുകെയുള്ള നടപ്പാലങ്ങളിലും കേബിളുകൾ വലിച്ചിട്ടുള്ളത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തെ റെയിൽവേ പാലത്തിൽ കാൽനട യാത്രികർക്കായുള്ള ഭാഗത്ത് പാതിയോളം കേബിളുകാർ കൈയടക്കിയിരിക്കുകയാണ്. രണ്ടടി വീതി മാത്രമാണ് ഇവിടെ ഇരുവശത്തെയും നടപ്പാതയിൽ കാൽനട യാത്രികർക്കുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |