
ന്യൂഡൽഹി: ഭരണകൂടവിരുദ്ധ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്ന ഇറാനുമായി കരാറിലേർപ്പെടുന്ന ഏതൊരു രാജ്യത്തിനുമേലും 25 ശതമാനം താരിഫ് എന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പ്രഖ്യാപനം ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ പ്രധാന ഇടപാടുകാരാണ് ഇന്ത്യയും ചൈനയും.
'ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിൽ 25 ശതമാനം താരിഫ് നൽകേണ്ടതായി വരും. ഈ ഉത്തരവ് അന്തിമമാണ്'- എന്നാണ് സമൂഹമാദ്ധ്യമത്തിലൂടെ ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെങ്കിലും അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യ, യുഎഇ, തുർക്കി എന്നിവരെയും പ്രതികൂലമായി ബാധിക്കും. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. 0.44 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തു. മൊത്ത വ്യാപാരം 1.68 ബില്യൺ ഡോളറായിരുന്നു (ഏകദേശം 14,000 - 15,000 കോടി രൂപ).
512.92 മില്യൺ ഡോളർ മൂല്യമുള്ള ജൈവ രാസവസ്തുക്കളാണ് സധനങ്ങളിൽ നല്ലൊരുപങ്കും. പഴവർഗങ്ങൾ, നട്‌സ്, സിട്രസ് പഴങ്ങളുടെ തൊലി, ധാതു ഇന്ധനങ്ങൾ, എണ്ണ തുടങ്ങിയവയുംഉൾപ്പെടുന്നു. നേരത്തെ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉത്‌പന്നങ്ങൾക്കുമേൽ അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇറാനുമായി കരാറിലേർപ്പെടുന്നതിന്റെ പേരിലുള്ള 25 ശതമാനം കൂടി ചേർത്താൽ മൊത്തം താരിഫ് 75 ശതമാനമായി ഉയരും. റഷ്യൻ എണ്ണ വാങ്ങുന്നതിലെ എതിർപ്പ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. അതേസമയം, ട്രംപിന്റെ ആഗോള താരിഫുകളുടെ നിയമസാധുത സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണ് മറ്റ് ആഗോള രാജ്യങ്ങൾ.
അതേസമയം, ഇന്ത്യയുമായുള്ള വിയോജിപ്പുകളിൽ ട്രംപ് അയയുകയാണെന്ന സൂചന പുതിയ യു.എസ് അംബാസഡർ സെർജിയോ ഗോർ കഴിഞ്ഞദിവസം നൽകിയിരുന്നു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ കരാർ ഉടൻ പുനഃരാരംഭിക്കുമെന്നും അദ്ദേഹം ഇന്ത്യയിലെ യു.എസ് അംബാസഡറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
'ട്രംപിനൊപ്പം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർത്ഥമാണെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. ഒരു അത്താഴ വിരുന്നിനിടെ ട്രംപ് തന്റെ അവസാന ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രിയുമായുള്ള സൗഹൃദവും വിവരിച്ചു. പുലർച്ചെ രണ്ടിന് ഫോൺ വിളിക്കുന്ന ശീലമുള്ള ട്രംപിന് ഇന്ത്യൻ സമയമനുസരിച്ച് മോദിയുമായി സംഭാഷണം നടത്തുക എളുപ്പമാണ്.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഉയർന്ന തലങ്ങളിൽ ഉറച്ച ബന്ധമുണ്ട്. യഥാർത്ഥ സുഹൃത്തുക്കൾക്ക് വിയോജിപ്പുണ്ടാകാം. പക്ഷേ അവർക്ക് അവസാനം പ്രശ്നങ്ങൾ പരിഹരിക്കാനാകും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ദൗത്യത്തിനായാണ് ഇന്ത്യയിലെ അംബാസഡറായത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള കൂടിച്ചേരലാണിത്. ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട ഒരു പങ്കാളി വേറെയില്ല. യഥാർത്ഥ തന്ത്രപരമായ പങ്കാളികളായി പ്രയോജനകരമായ ഒരു അജൻഡ പിന്തുടരുക എന്നതാണ് ലക്ഷ്യം'- എന്നും സെർജിയോ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |