കൊച്ചി: എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 600 കാര്യങ്ങളിൽ 53 ഇനങ്ങൾ മാത്രമാണ് നടപ്പാക്കാൻ ബാക്കിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഇല്ലാത്ത നിക്ഷേപസൗഹൃദ സംസ്ഥാനമാണ് കേരളം ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന് പറഞ്ഞവരുണ്ട്. സർക്കാർ നാലു വർഷം പൂർത്തിയാക്കുമ്പോൾ എല്ലാം പൂർണമായും നടപ്പിലാക്കിയിരിക്കും.
ദേശീയപാത വീതികൂട്ടുന്നതും വികസിപ്പിക്കുന്നതും നടക്കില്ലെന്ന് എല്ലാവരും കരുതി. എതിർത്തവരെല്ലാം ഭൂമി വിട്ടുതരാൻ സന്നദ്ധരായി. ഇതല്ലാതെ വേറെ വഴിയില്ലെന്ന് തുറന്നു പറഞ്ഞപ്പോൾ ജനങ്ങൾ അംഗീകരിച്ചു.
1996 ൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയപ്പോൾ താൻ വൈദ്യുതി മന്ത്രിയായിരുന്നു. എവിടെയുമെത്താതായപ്പോൾ ഗെയിൽ വിട്ടുപോയി. ഇപ്പോൾ തടസങ്ങളില്ല. ഏത് ഘട്ടത്തിലും പൂർത്തിയാകാം. എൽ.ഡി.എഫ് സർക്കാർ വന്നില്ലായിരുന്നെങ്കിൽ ഇതെല്ലാം അവിടെത്തന്നെ കിടക്കുമായിരുന്നു. ഒന്നും നടക്കില്ലെന്ന അവസ്ഥമാറി പുതു അന്തരീക്ഷം വന്നു. ഇനി നിങ്ങളാണ് വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ എം. അനിൽകുമാർ സ്വാഗതവും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.സി. സൻജിത്ത് നന്ദിയും പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.
• ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സിറ്റി ഗ്യാസ് പദ്ധതി വൈകാതെ കൊച്ചി നഗരസഭയിൽ തുടങ്ങുമെന്ന് ഡോ. എം.പി. സുകുമാരൻ നായരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
• വാട്ടർ മാനേജ്‌മെന്റ് പഠനങ്ങൾക്ക് നെതർലൻഡ്‌സിൽ നിന്നുള്ള സംഘം സഹായിക്കും. നെതർലൻഡ്‌സിലെ രാജാവും റാണിയും ഈമാസം 17,18 തിയതികളിൽ കൊച്ചി സന്ദർശിക്കും. അവരുമായി ഇക്കാര്യം ചർച്ച ചെയ്യും.
• ടൈറ്റാനിയം വികസനത്തിന് കരിമണൽ ഖനനം പൊതുമേഖലയിൽ തന്നെ നടത്തും.
• ജി.എസ്.ടി വ്യാപാര മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങൾ പഠിക്കുന്നുണ്ട്. ഓൺലൈൻ ബിസിനസ് രംഗത്തെ നികുതി സംവിധാനം പരിശോധിക്കും.
• പ്രളയസെസ് ഒഴിവാക്കാൻ പറ്റില്ലെന്ന് കേരള മർച്ചന്റ് ചേംബർ ഒഫ് കോമേഴ്‌സ് സെക്രട്ടറി വി.എം. യൂസഫിന്റെ പരാതിക്ക് മറുപടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |