SignIn
Kerala Kaumudi Online
Thursday, 15 January 2026 3.59 AM IST

സായിപ്പിന്റെ 'വണ്ടർവെയർ"

Increase Font Size Decrease Font Size Print Page
s

നാട്ടിലെത്തിയ സായിപ്പ് അടിവസ്ത്രം ധരിക്കാത്ത സ്വതന്ത്ര ചിന്താഗതിക്കാരനാണെന്ന് അകക്കണ്ണു കൊണ്ട് കണ്ടെത്തി കോടതിയെ അറിയിച്ച കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു ഒടുവിൽ ഒരു പഴഞ്ചൻ തെളിവിന്റെ ഇലാസ്റ്റിക്കിൽ കുരുങ്ങി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നിറംമങ്ങാതെ കേരളത്തിന്റെ നിയമചരിത്രത്തിൽ പാറിപ്പറക്കുകയാണ് ഈ തൊണ്ടിമുതൽ.

തുളവീണ തെളിവുകളിലൂടെ സത്യം ചോർന്നുപോയ സംഭവങ്ങൾ നിയമചരിത്രത്തിൽ ഉണ്ടാകാമെങ്കിലും അണ്ടർവെയർ 'വണ്ടർവെയർ" ആയത് ഇതാദ്യം. പച്ചപ്പരമാർത്ഥ പദങ്ങളാണെങ്കിലും ജെട്ടി, ഷഡ്ഡി, നിക്കർ, കൗപീനം, ലങ്കോട്ടി തുടങ്ങിയ വിശേഷണങ്ങൾ സാംസ്‌കാരിക വിരുദ്ധമായതിനാൽ സായിപ്പ് സമ്മാനിച്ച തൊണ്ടിമുതലിന് മാന്യമായ എന്ത് ഓമനപ്പേരിടുമെന്ന ആശങ്കയിലാണ് സാസ്‌കാരിക കേരളം. പേര് എന്തായാലും സംഗതി ഒന്നാണെന്ന് നിഷ്പക്ഷമതികൾക്ക് അറിയാം. കാണാമറയത്തായിരുന്ന ആ മുഷിഞ്ഞസത്യം ഇന്നു കോടതിവിധിയിൽ വെട്ടിത്തിളങ്ങുന്നു. അടിവസ്ത്രമായും സത്യത്തിന് അവതരിക്കാൻ കഴിയുമെന്നു തെളിയിച്ച കാലത്തിനു സലാം പറയുകയാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. കോടതിയെയും വക്കീലന്മാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു പോലെ വട്ടംകറക്കിയ ഈ നരച്ച സത്യത്തിന്റെ ഇലാസ്റ്റിക്കിൽ കുരുങ്ങിക്കിടക്കുകയാണ് രാജുവിന്റെ രാഷ്ട്രീയ ഭാവി.

പഴകും തോറും ഊർന്നുപോകാൻ സാദ്ധ്യതയുള്ളതാണ് ഈ സംഗതി എന്നതാണ് നാട്ടുനടപ്പ്. പക്ഷേ, സായിപ്പിന്റെ സംഗതി കോടതിയെയും ഞെട്ടിച്ച് കാൽമുട്ടിന് മുകളിലേക്ക് കയറാതെ ചോദ്യചിഹ്നമായി അവശേഷിച്ചതാണ് കേസിലെ ട്വിസ്റ്റ്.

അരവണ്ണം കുറച്ച അടിവസ്ത്രത്തിൽ നിന്നു തെളിവുകൾ ഊർന്നുപോയതിനൊപ്പം സായിപ്പ് തടവിൽനിന്നും ഊരിപ്പോയ കഥയിലെ വില്ലനാണെങ്കിലും നിയമചരിത്രത്തിൽ ആന്റണിരാജു വീരനാണ്. ആരൊക്കെ എന്തൊക്കെപറഞ്ഞാലും പഹയനൊരു പുലിയാണെന്നാണ് നിയമരംഗത്തെ പലരും വിശേഷിപ്പിച്ചത്.

പണ്ടൊരു കൊലപാതക കേസിൽ കക്ഷിയെ രക്ഷിക്കാൻ തൊണ്ടിമുതലായ വെടിയുണ്ട വിഴുങ്ങി, പകരം തോക്കിനു പാകമാകാത്ത ഉണ്ട കാട്ടി പ്രോസിക്യൂഷനെ നിലംപരിശാക്കിയ വക്കീലിന്റെ കഥ കേരളത്തിന്റെ നിയമചരിത്രത്തിലുണ്ട്. താൻ ഉണ്ടയൊന്നും വിഴുങ്ങിയില്ലെന്നും തോക്കിനു ചേരാത്ത ഉണ്ടയാണെന്നു തെളിയിക്കുക മാത്രമാണ് ചെയ്തതെന്നും വക്കീൽ പിന്നീട് വിശദീകരിച്ചെങ്കിലും 'ഉണ്ടവിഴുങ്ങിക്കേസ്'എന്നപേരിൽചരിത്രത്തിൽഇടംനേടി.

അതുകൊണ്ട്ഗുഹ്യമായ കാര്യങ്ങൾ ഗഹനമായി ചർച്ചചെയ്യുമ്പോൾ രാജുവിനെ കുറ്റക്കാരനാക്കുന്നത് ശരിയല്ല. മുഷിഞ്ഞുനാറിയ അടിവസ്ത്രത്തെ കോടതി മുറിയിൽ നിന്നു പൊക്കി വിശുദ്ധനാക്കിയ ഈ മുൻമന്ത്രി കേരള കോൺഗ്രസിന്റെ അന്തസ് ഉയർത്തി. അടിവസ്ത്രത്തിന്റെ അരവണ്ണം വെട്ടിച്ചെറുതാക്കി, ഇതു തന്റെ കക്ഷിയായ സായിപ്പിന്റെ കുട്ടിക്കു പോലും പാകമാകില്ലെന്ന് കോടതിയിൽ സ്ഥാപിച്ചു എന്നാണ് കണ്ടെത്തിയത്. 90ലെ കേസിൽ സായിപ്പ് പണ്ടേ രക്ഷപ്പെട്ടെങ്കിലും രാജുവിന്റെ കഷ്ടകാലം ജെട്ടിയിൽ തുടങ്ങുകയായിരുന്നു.

പറന്നെത്തിയ പുലിവാൽ

ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രു സാൽവഡോർ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ 65 ഗ്രാമോളം ഹഷീഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ 1990 ഏപ്രിൽ നാലിനാണ് പിടിയിലായത്. അടിവസ്ത്രത്തിലെ ഓവർലോഡിൽ സംശയം തോന്നി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആ ഘടാഘടിയൻ സത്യം കണ്ടെത്തി. അടിവസ്ത്രത്തിന് കെട്ടുവള്ളത്തേക്കാൾ വിസ്തൃതി. തപ്പിയും തടവിയും നോക്കിയപ്പോൾ ഭീകര സത്യങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറം- ഇലാസ്റ്റിക്കിനുള്ളിൽ ഒളിപ്പിച്ച ഡബിൾ സ്‌ട്രോംഗ് ലഹരിമരുന്ന്. ഇതുൾപ്പെടെ അൻപതിലേറെ തൊണ്ടിമുതൽ ഉണ്ടായിരുന്നു. പ്രധാന തൊണ്ടിമുതലായ കടുംനീല അടിവസ്ത്രം ഒഴികെയുള്ളവയെ കുറ്റവിമുക്തമാക്കി തിരികെ തരണമെന്ന അപേക്ഷ കോടതി അംഗീകരിച്ചതോടെ ഒരു ലോഡ് സാധനങ്ങൾ പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജു ഏറ്റുവാങ്ങി. മുഷിഞ്ഞുനാറിയെങ്കിലും നിരപരാധികളായ സാധനങ്ങളിൽ പ്രധാന തൊണ്ടിമുതലായ അടിവവസ്ത്രവും എങ്ങനെയോ പെട്ടുപോയി. അതെങ്ങനെ സംഭവിച്ചു എന്നു രാജുവിന് അറിയില്ലത്രേ. പക്ഷേ, ഈ സത്യം ആരും വിശ്വസിക്കുന്നില്ല.

സായിപ്പിന്റെ കൊടുംചതി
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഇടതുമുന്നണിയിലെ പ്രബലനായ തിരുവനന്തപുരം മണ്ഡലത്തിലെ എം.എൽ.എയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജു ഒരു സായിപ്പിന്റെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിൽ കുരുങ്ങിയത് നിസാരമല്ല. ഒരുഭാഗത്തെ പഴഞ്ചൻ നൂലും, തെളിവു നശിപ്പിക്കാൻ മറുഭാഗത്തു തുന്നിച്ചേർത്ത പുതിയ നൂലും കള്ളത്തരം വ്യക്തമാക്കുന്നതായുള്ള ഫൊറൻസിക് റിപ്പോർട്ട് വലിയ ചതിയായിപ്പോയി. ഏതായാലും ഉർവശീശാപം ഉപകാരം എന്ന ചിന്തയിലാണ് സി.പി.എം. തിരുവനന്തപുരം സീറ്റ് കീശയിലായി. മേൽക്കോടതി ശിക്ഷ റദ്ദാക്കിയില്ലെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജു അയോഗ്യനാകും. ഈ മന്ത്രിസഭയുടെ ആദ്യ രണ്ടരവർഷം ഗതാഗതമന്ത്രിയായിരുന്ന ആൾക്കാണ് ട്രാക്കു തെറ്റിയത്.

സായിപ്പ് അടിവസ്ത്രം ധരിക്കാത്ത സ്വതന്ത്ര ചിന്താഗതിക്കാരനാണെന്ന് അപ്പീലിൽ പ്രതിഭാഗം വാദിച്ചത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കടക്കം വലിയ തിരിച്ചടിയായിരുന്നു. ഈ വാദത്തിന്റെ സൂത്രധാരൻ രാജുവായിരുന്നു എന്നാണ് ആരോപണം.

അടിവസ്ത്രം കാൽമുട്ടിനു മുകളിൽ കയറാതായതോടെ കേസ് തള്ളുകയും സായിപ്പ് ഓസ്‌ട്രേലിയയിലേക്കു മടങ്ങുകയും ചെയ്തു. കേരള പൊലീസിന്റെ വിശ്വാസ്യതയ്ക്ക് ഒരു അടിവസ്ത്രത്തിന്റെ പോലും വിലയില്ലാതാക്കിയ കേസിൽ പ്രതിതന്നെയാണ് രാജുവിന് പാരയായത്. ഓസ്‌ട്രേലിയയിൽ മറ്റൊരു കേസിൽ കുടുങ്ങിയ ആൻഡ്രു സഹതടവുകാരനോട് ഈ കഥ പറഞ്ഞതാണ് പുലിവാലായത്. ഇതു ചോർന്ന് ഇന്റർപോൾ വഴി സി.ബി.ഐക്കു ലഭിക്കുകയും മൂന്നര പതിറ്റാണ്ടിനു ശേഷം പാരയാകുകയും ചെയ്തു.

നിയമലോകം പ്രത്യക്ഷത്തിൽ രാജുവിനെ കുറ്റപ്പെടുത്തിയാലും അസൂയയോടെ കാണുന്നവരേറെ. സ്വന്തം കക്ഷിക്കുവേണ്ടി ഇത്രത്തോളം താഴ്ന്നു ചിന്തിക്കാൻ കഴിഞ്ഞത് നിസാരകാര്യമല്ല. സ്വന്തം കക്ഷിക്കായി ഭൂമിയോളം താഴ്ന്ന് ഉയരങ്ങളിലെ സത്യം കണ്ടെത്തിയ രാജുവിനായി സാംസ്‌കാരിക കേരളത്തിൽ വാദിക്കാൻ ആരുമില്ല. എന്തു തെറ്റാണ് ഈ മനുഷ്യൻ ചെയ്തതെന്നു ചോദിക്കാൻ കേരളകോൺഗ്രസുകാർ പോലുമില്ല.

TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.