SignIn
Kerala Kaumudi Online
Thursday, 15 January 2026 3.03 AM IST

രാഹുലിന്റെ രാഹുകാലം

Increase Font Size Decrease Font Size Print Page
s

ഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ചിടത്തോളം രാഹുകാലമായിരുന്നു. ആദ്യ രണ്ടു പീഡനക്കേസുകളിൽ നിന്ന് വഴുതിമാറി തല ഉയർത്തി നടക്കുന്നതിനിടെ മൂന്നാമത്തെ പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിയത് മാങ്കൂട്ടത്തിൽ അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ അടുത്തൊരു മുൻകൂർ ജാമ്യത്തിനോ അറസ്റ്റ് തടയലിനോ ശ്രമിക്കുമായിരുന്നു. ഇരുട്ട് കനത്തപ്പോഴേക്കും പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് എത്തി. വാതിലിൽ മുട്ടിയ പൊലീസിനെ കണ്ട് ആദ്യം രാഹുൽ ഞെട്ടി. പിന്നെ തന്റെ തനത് മെയ് വഴക്കത്തിൽ നിന്ന് പൊലീസിനോട് സഹകരിച്ചു. അറസ്റ്റിലായി. ജയിലിലുമായി. മൂന്നാമത്തെ പരാതിയിൽ പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ രഹസ്യ നീക്കത്തിലാണ് രാഹുൽ കുടുങ്ങിയത്. ആദ്യ കേസിൽ രാഹുലിനെ പിടിക്കാനിറങ്ങിയ പൊലീസ് സംഘത്തിൽ നിന്നു തന്നെ വിവരങ്ങൾ രാഹുലിന് ചോർന്നു കിട്ടി. കയ്യെത്തുംദൂരത്ത് നിന്ന് രാഹുൽ വഴുതിപ്പോയി. തമിഴ്നാട്ടിലും കർണാടകയിലുമായി ചുറ്റുന്നതിനിടെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞു. സുഖസഞ്ചാരവുമായി വീണ്ടും പാലക്കാട്ടും പത്തനംതിട്ടയിലും രാഹുലെത്തി. കലാലയ രാഷ്ട്രീയത്തിലൂടെ അതിവേഗം വളർന്ന രാഹുലിന്റെ വളർച്ചയും താഴ്ചയും ശരവേഗത്തിലായിരുന്നു. പത്തനംതിട്ടയിൽ അടൂരിന് സമീപം നെല്ലിമുകൾ സ്വദേശിയായ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർഥിയായിരിക്കേ കെ.എസ്.യുവിൽ പ്രവർത്തിച്ചു. അധികം തിളങ്ങിയില്ലെങ്കിലും പ്രസംഗകലയിലെ പ്രാവീണ്യം രാഹുലിന്റെ വളർച്ചയ്ക്കു കുതിപ്പു നൽകി. പ്രവർത്തന മേഖല തിരുവനന്തപുരത്തേക്കു മാറ്റിയതോടെ താഴെത്തട്ടിൽ പ്രവർത്തിക്കാതെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി. ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ സെക്രട്ടറിയായിരുന്ന രാഹുൽ സംസ്ഥാന പ്രസിഡന്റിന്റെ ഇഷ്ടക്കാരനായി വളർന്നു. ഇതോടെ സംഘടനയുടെ പല സുപ്രധാന ജോലികളും രാഹുൽ നിർവ്വഹിച്ചു. ശക്തമായ വാക്കുകളിലൂടെ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യമായി. പാർട്ടിയുടെ ചട്ടക്കൂടുകൾ പോലും പലപ്പോഴും രാഹുലിന്റെ വാക്കുകൾക്ക് വിലങ്ങുതടിയായില്ല.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. വിവാദമായ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ സംസ്ഥാന പ്രസിഡന്റായത്. വ്യാജ ഐഡി കാർഡ് നിർമ്മിക്കലും പൊലീസ് കേസുമെല്ലാം ഇതിന്റെ ഭാഗമായി. പ്രസിഡന്റെന്ന നിലയിൽ സമരരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിന്റെ പേരിൽ അറസ്റ്റ്, ജയിൽവാസം ഇങ്ങനെ വളർച്ച അതിവേഗമായി. ഷാഫി പറമ്പിൽ വടകര എം.പിയായതോടെ രാജിവച്ച പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി. ഷാഫി പറമ്പിലിന്റെ പിൻഗാമിയായിട്ടായുള്ള നിർദ്ദേശം കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലരെയും ചൊടിപ്പിച്ചു. അടൂരുകാരനായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നതിൽ പ്രതിഷേധം ആദ്യഘട്ടത്തിലുണ്ടായി. പി. സരിൻ കോൺഗ്രസിൽ നിന്നു രാജിവച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി. മികച്ച ഭൂരിപക്ഷത്തോടെ രാഹുൽ പാലക്കാട് എം.എൽ.എയായി. ഒരുവർഷത്തിനുള്ളിൽ രാഹുൽ പാർട്ടിയിൽ നിന്നു പുറത്താകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.

പാർട്ടിക്ക് രക്ഷിക്കാനാകാത്ത ചാട്ടം

മികച്ച സംഘാടകനും നേതാവുമൊക്കെയായി തിളങ്ങുന്ന ഘട്ടത്തിലാണ് ആരോപണങ്ങൾ ഒന്നൊന്നായി ഉയർന്നത്. പിന്നീട് കോൺഗ്രസിനും അദ്ദേഹത്തെ സംരക്ഷിക്കാനായില്ല. അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ വളർച്ചയും തളർച്ചയുമെല്ലാം കേരള രാഷ്ട്രീയത്തിൽ ഏതാനും വർഷങ്ങളുടേതു മാത്രമായി. പദവിയുടെ തിളക്കത്തിൽ പാർട്ടിയെയും സഭ്യതയെയും മറന്നുള്ള രാഹുലിന്റെ നിലവിട്ട പോക്ക് ഒടുവിൽ അയാളെ ജയിലിലാക്കി. വിവാഹിതരായ യുവതികളുടെ കുടുംബ പ്രശ്നങ്ങൾ ചൂഷണം ചെയ്ത് അവരെ പാട്ടിലാക്കി തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്ന അസാന്മാർഗിക ജീവിതത്തിന് ഉടമയാണ് രാഹുൽ എന്നാണ് ആക്ഷേപം. കോൺഗ്രസിലെ ഒരു യുവ നേതാവിന് കിട്ടാക്കനിയായ പദവികളാണ് രാഹുൽ നേടിയെടുത്തത്. പാർട്ടിയുടെ താഴേ തട്ടിൽ പ്രവർത്തിക്കാതെയും സാധാരണക്കാരായ ജനങ്ങളുടെ മനസ്സറിയാതെയും പ്രശ്നങ്ങൾ മനസിലാക്കാതെയും വാക്ചാതുരി കൊണ്ടു മാത്രം ഉന്നത പദവികളിലേക്ക് ഉയർത്തപ്പെട്ടയാളാണ് രാഹുൽ. വ്യക്തിപരമായും രാഷ്ട്രീയപരമായും പക്വത കൈവന്നിട്ടില്ലാത്തയാളെന്ന വിമർശനവുമുണ്ട്. വിളയാതെ പഴുത്ത മാങ്ങയാണ് ഉയർന്ന നേതാക്കളുടെ മനസിൽ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പഞ്ചായത്ത് വാർഡിൽ പോലും കോൺഗ്രസുകാരനായി പ്രവർത്തിക്കാതെ, ഒരു വാർഡിൽ പോലും മത്സരിച്ച് ജനപരിചയം ആർജിക്കാതെ നേരെ കൊമ്പത്തേക്ക് അയാളെ ഉയർത്തി. സ്ത്രീകളെക്കുറിച്ച് തെറ്റായ ധാരണകൾ വച്ചു പുലർത്തുന്ന ഒരുപാട് പുരുഷന്മാർ സമൂഹത്തിലുണ്ട്. കുടുംബ ബന്ധങ്ങളിലെ തകർച്ചയിൽ നിന്ന് അരക്ഷിതാവസ്ഥയിലേക്ക് ഉഴറിപ്പോകുന്ന സ്ത്രീകൾക്ക് ചിലപ്പോൾ ചിലരുടെ വാക്കുകൾ ആശ്വാസമാകും. അത്തരംം ആശ്വാസവാക്കുകൾ കൊണ്ട് ഇരകളെ സൃഷ്ടിക്കുന്നവരുടെ കൂട്ടത്തിലെ ഒരാളാകും രാഹുൽ എന്ന് ആരും കരുതിയില്ല. പക്ഷെ, പുറത്തുവന്നിരിക്കുന്ന പരാതികൾ ഞെട്ടിപ്പിക്കുന്നതാണ്.

സ്ഥിരം കുറ്റവാളി

രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നാണ് മൂന്നാമത്തെ കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ലൈംഗിക വൈകൃതമുള്ളവരെപ്പോലെ രാഹുൽ പെരുമാറിയെന്നാണ് എതിരാളികളുടെ ആക്ഷേപം. രാഹുലിന്റെ കേസിൽ സത്യം കണ്ടെത്തേണ്ടത് കോടതിയാണ്. പുറത്തുവന്ന വിവരങ്ങൾ വസ്തുതാപരമല്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്. സ്ത്രീകളെ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകുകയും സാമ്പത്തിക ചൂഷണം നടത്തുകയും ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം ചതിക്കുകയും ചെയ്യുന്നത് ഒരു എം.എൽ.എയ്ക്ക് ഭൂഷണമാണോ എന്നാണ് സമൂഹത്തിന്റെ മുന്നിലുള്ള ചോദ്യം. പരാതികളെ പാടെ നിരാകരിക്കാൻ രാഹുലിന്റെ അഭിഭാഷകർ തയ്യാറായിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം എന്ന് ജാമ്യ ഹർജിയിൽ വിവരിച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധി പാലിക്കേണ്ട ധാർമിക മൂല്യം രാഹുലിന് ഇല്ലെന്നാണ് ഇതിൽ നിന്നു വിലയിരുത്തേണ്ടത്.

TAGS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.