
തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ യുവതിയെ പീഡിപ്പിച്ച തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തു. ഇന്നലെ പുലർച്ചെ 5.45നായിരുന്നു തിരുവല്ല ക്ലബ് 7 ഹോട്ടലിൽ എത്തിച്ചത്. ഹോട്ടലിന്റെ നാലാംനിലയിലെ 408 -ാം നമ്പർ മുറിയിൽ, പരാതിയിൽ സൂചിപ്പിക്കുന്ന ദിവസം താൻ എത്തിയിരുന്നതായി രാഹുൽ സമ്മതിച്ചിരുന്നു.
നേരത്തെ നടത്തിയ തെളിവെടുപ്പിൽ ഹോട്ടലിൽ നിന്ന് രജിസ്റ്ററുകളും സി.സി ടി.വി ഫുട്ടേജുകളും പിടിച്ചെടുത്തിരുന്നു. 2024 ഏപ്രിൽ 8നാണ് രാഹുൽ ഹോട്ടലിൽ എത്തിയതെന്ന് ഇതിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഉറപ്പാക്കാനാണ് ഹോട്ടലിൽ എത്തിച്ചത്. കഴിഞ്ഞദിവസം കോടതിയിൽ എത്തിച്ചപ്പോൾ രാഹുലിനെതിരെ ഉണ്ടായതിന് സമാനമായ പ്രതിഷേധങ്ങൾ മുന്നിൽക്കണ്ട് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി. പൊലീസിന്റെ വൻസന്നാഹത്തിൽ അതീവ സുരക്ഷയിൽ ഹോട്ടലിൽ കൊണ്ടുവന്ന രാഹുലിനെ ഏഴരയോടെ തിരികെ എ.ആർ ക്യാമ്പിൽ എത്തിച്ചു.
വീട്ടിലും പരിശോധന
രാഹുലിന്റെ അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽ ഇന്നലെ എസ്.ഐ.ടി പരിശോധന നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ മൂന്നു വാഹനങ്ങളിലാണ് സംഘം എത്തിയത്. രാഹുലിന്റെ മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ഇൗസമയം രാഹുലിന്റെ മാതാവും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. പരിശോധനയിൽ എന്തൊക്കെ രേഖകൾ ലഭിച്ചു എന്നത് പൊലീസ് പുറത്തുവിട്ടിട്ടില്ല. തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പിനു ശേഷം അടൂരിലെ വീട്ടിലേക്ക് രാഹുലിനെ കൊണ്ടുവരാൻ പൊലീസ് പദ്ധതിയിട്ടിരുന്നു. എന്നാൽ പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ രാഹുലിനെ ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |